ഫലസ്തീൻ ദുരിതാശ്വാസ നിധിയിലേക്ക് 100 മില്യൻ സംഭാവന നൽകി ഖത്തർ അമീർ

ദോഹ- ഗാസയിലെ യുദ്ധബാധിതരായ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ശ്രദ്ധേയമായ പ്രകടനത്തിൽ, റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസിന്റെ നേതൃത്വത്തിലുള്ള 'ഫലസ്തീൻ ഡ്യൂട്ടി' ധനസമാഹരണ കാമ്പയിനിലേക്ക് 100 മില്യൻ റിയാൽ സംഭാവന ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി മാതൃകയായി. ഖത്തർ ദേശീയ ദിനമായ കഴിഞ്ഞ ദിവസം ഖത്തർ ടി.വിയുമായി സഹകരിച്ച് സംഘടിപ്പിച്ച കാമ്പയിനിൽ 200 മില്യൻ റിയാലിലധികമാണ്  സമാഹരിച്ചത്.
ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ ചാരിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയും ഖത്തർ മീഡിയ കോർപറേഷനുമായി സഹകരിച്ചും റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ആരംഭിച്ച കാമ്പയിൻ ഖത്തർ ടി.വിയിലൂടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നു. മൊത്തം 200,048750 റിയാൽ പിരിഞ്ഞുകിട്ടിയതായി ഖത്തർ ടി.വി  അറിയിച്ചു.
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള കാമ്പയിൻ, ദാതാക്കളിൽ നിന്ന് മികച്ച പ്രതികരണം നേടിയതായി ഖത്തർ ടി.വി അറിയിച്ചു. നിരവധി പേർ ഖത്തർ ടി.വിയിലും സൂഖ് വാഖിഫ്, കത്താറ, ദർബ് അൽസായി എന്നിവിടങ്ങളിലെ എക്‌സ്‌ക്ലൂസീവ് കളക്ഷൻ പോയിന്റുകളിലും തത്സമയം ഡ്രൈവിൽ ചേർന്നു.
ഖത്തർ ചാരിറ്റിയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും തങ്ങളുടെ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും ഈ മൂന്ന് പോയിന്റുകളിൽ വിന്യസിച്ചു. അവിടെ ദാതാക്കൾ പണം പെട്ടികളിൽ നിക്ഷേപിച്ചു. യുദ്ധത്തിൽ തകർന്ന ഗാസയിലെ ജനങ്ങൾക്കായി പലരും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും സംഭാവന ചെയ്തു.
ഖത്തർ ടി.വി, കാമ്പയിന്റെ തത്സമയ സംപ്രേഷണ വേളയിൽ, സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ അവതരിപ്പിച്ചത് പൊതുജനങ്ങളിൽ ആവേശം വർധിപ്പിച്ചു. ഖത്തർ ഇസ്‌ലാമിക് ബാങ്ക് 1.5 മില്യൺ റിയാൽ സംഭാവന ചെയ്തു. ബർവ റിയൽ എസ്റ്റേറ്റ് കമ്പനിയും ഉരീദുവും ഓരോ 1 മില്യൺ റിയാൽ വീതമാണ് സംഭാവന ചെയ്തത്. ദുഖാൻ ബാങ്ക് 5 ലക്ഷം റിയാൽ സംഭാവന ചെയ്തു.
ആവേശം വർധിപ്പിച്ചുകൊണ്ട് കുട്ടികൾ പോലും കാമ്പെയ്‌നിൽ തങ്ങളുടെ സംഭാവനകൾ നൽകി. ഖത്തർ ടിവിയിലൂടെ സംഭാവനയിൽ പങ്കെടുത്ത ആദ്യ കുട്ടി എന്ന നിലയിൽ മുഹമ്മദ് അൽ കുവാരി പ്രത്യേക പരാമർശം നേടി. ഖത്തറി കുട്ടി 11,000 റിയാലാണ് സംഭാവന നൽകിയത്. ഗാസയിലെ ആശുപത്രികളെ പിന്തുണയ്ക്കുന്നതിനായി ഡോക്ടർമാരെയും നഴ്സുമാരെയും സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ആഗോള സംരംഭം ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആരംഭിച്ചതായി ആക്ടിംഗ് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ-ഇമാദി പറഞ്ഞു. ഖത്തറിന് അകത്തും പുറത്തുംനിന്ന് ഇതുവരെ 900-ലധികം പേർ സന്നദ്ധ പ്രവർത്തനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. അടിസ്ഥാന സാഹചര്യങ്ങൾ അനുവദിക്കുമ്പോൾ അവരുടെ മെഡിക്കൽ, മാനുഷിക ജോലികൾ ചെയ്യാൻ അവർ തയ്യാറാണ്, അൽ-ഇമാദി പറഞ്ഞു.
ദുരിതമനുഭവിക്കുന്ന ഫലസ്തീൻ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലും ഖത്തറിന്റെ പങ്കിന്റെ തുടർച്ചയായാണ് 'ഫലസ്തീൻ ഡ്യൂട്ടി' കാമ്പയിൻ എന്ന്് റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസ് അംഗം അഹമ്മദ് സാലിഹ് അൽ-അലി പറഞ്ഞു.
70 ദിവസത്തിലധികം നീണ്ട ആക്രമണത്തിന് ശേഷം ഗാസയിലെ സ്ഥിതിഗതികൾ അതീവ ദയനീയമാണ്. ഈ സ്ഥിതി തുടർന്നാൽ ക്ഷാമവും രോഗവും പടരാൻ സാധ്യതയേറെയാണ്. ഇത് ഗാസയിലെ കുട്ടികളുടെ മുഴുവൻ തലമുറയെയും ദോഷകരമായി ബാധിക്കും. അടിയന്തരവും വേഗത്തിലുള്ളതും ജീവൻ രക്ഷിക്കുന്നതുമായ പിന്തുണയാണ് അവർക്കാവശ്യം. ഇതിനായി മാനുഷികാടിസ്ഥാനത്തിൽ എല്ലാവരും കൈകോർക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Tags

Latest News