വെടിനിര്‍ത്താന്‍ മുറവിളി; ഇസ്രായിലിന് പിന്തുണ ആവര്‍ത്തിച്ച് യു.എസ്

ന്യൂയോര്‍ക്ക്/ടെല്‍അവീവ്- ഗാസയില്‍ വെടിനിര്‍ത്തലിനും മാനുഷിക സഹായമെത്തിക്കാനുമുളള ആഗോള മുറവിളിക്കിടയില്‍ ഇസ്രായിലിന് തുടര്‍ന്നും ആയുധം നല്‍കുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക.  യുദ്ധത്തിന്റെ മൂന്നാം മാസത്തില്‍ ഇന്നലെ ഇസ്രായില്‍ ബോംബിംഗ് രൂക്ഷമാക്കി. ഗാസ സിറ്റിക്ക് സമീപം ജബാലിയയില്‍ മരണസംഖ്യ 110 കവിഞ്ഞു.
അമേരിക്ക എപ്പോഴും ഇസ്രായിലിന്റെ ഏറ്റവും വലിയ സുഹൃത്താണെന്നും നിര്‍ണായക യുദ്ധോപകരണങ്ങള്‍, തന്ത്രപരമായ വാഹനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ നകുന്നത് തുടരുമെന്നും ടെല്‍ അവീവിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
ഗാസയില്‍ കുുടിയൊഴിപ്പിക്കപ്പെട്ട രണ്ട് ദശലക്ഷത്തോളം ആളുകള്‍ക്ക് കൂടുതല്‍ മാനുഷിക സഹായം ലഭിക്കണമെന്നും അതു നന്നായി വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായിലിന് മുന്നില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമോ  നിബന്ധനകളോ നിര്‍ദ്ദേശിക്കുക തന്റെ സന്ദര്‍ശന  ലക്ഷ്യമല്ലെന്നും ഓസ്റ്റിന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഗാസയില്‍ വിവേചനരഹിതമായി തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇസ്രായിലിനെ പ്രേരിപ്പിക്കാനാണ് ഓസ്റ്റിന്റെ വരവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തീവ്ര യുദ്ധത്തിന് വിരാമമിട്ട് പരിമിതവും കൂടുതല്‍ കേന്ദ്രീകൃതവുമായ പോരാട്ടത്തിലേക്ക് മാറാനാണ്  ഓസ്റ്റിന്‍ ചര്‍ച്ചകള്‍ നടത്തുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണത്തെ ശക്തമായി പിന്തുണച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ സാധാരണക്കാരുടെ ദുരവസ്ഥയെക്കുറിച്ചും സംസാരിച്ചു തുടങ്ങിയ ഓസ്റ്റിന് ഈ സന്ദര്‍ശനം ബാലന്‍സിംഗ് പ്രവര്‍ത്തനമാണ്.
അടുത്തഘട്ടം യുദ്ധത്തെ കുറിച്ചാണ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുമായി യു.എസ് സെക്രട്ടറി ചര്‍ച്ച നടത്തുകയെന്ന് അദ്ദേഹത്തോടൊപ്പമുള്ള മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇപ്പോള്‍ കാണുന്ന വ്യോമാക്രമണവും കരയുദ്ധവും ഇതുപോലെ തുടരാനാകില്ലെന്നും ഇത് യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് മാറാന്‍ ഇസ്രായില്‍ സമ്മതിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. കൂടുതല്‍ സമയം വേണമെന്ന് ഇസ്രായില്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ തന്നെ വേണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. പൂര്‍ണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നാണ് കഴിഞ്ഞയാഴ്ച ഇസ്രായില്‍ സന്ദര്‍ശിച്ച യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനോട് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്. ഇനിയും മാസങ്ങള്‍ വേണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും പറഞ്ഞു.
യുദ്ധം വിജയിക്കാന്‍ ഫലസ്തീനികളെ മനഃപൂര്‍വം പട്ടിണിക്കിടുകയാണെന്ന മനുഷ്യാവകാശ സംഘടനയുടെ ആരോപണത്തിനിടെ, ഇസ്രായില്‍ ഇന്നലേയും ഗാസയില്‍ ബോംബിംഗ് തുടര്‍ന്നു. ഇസ്രായില്‍ ആക്രമണത്തില്‍ ഇതുവരെ 18,800 പേരാണ് കൊല്ലപ്പട്ടത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തിന്റെ 72 ാം ദിവസമായ ഇന്നലെ ഗാസയുടെ വടക്ക് ജബാലിയയില്‍ 50 പേരെ കൂടി ബോംബിട്ട് കൊലപ്പെടുത്തി. ഞായറാഴ്ച ഇവിടെ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിലും ഇസ്രായില്‍ ആക്രമണം തുടരുകയാണ്. ഇവിടെ നാലു പേര്‍ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 300 കടന്നു. യുദ്ധ തന്ത്രമായി ഇസ്രായില്‍ പട്ടിണിയെ ഉപയോഗിക്കുകയാണെന്നും ഇത് യുദ്ധ കുറ്റമാണെന്നും ന്യായോര്‍ക്ക് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. കുടിവെള്ളവും ഭക്ഷണവും ഇന്ധനവും മനഃപൂര്‍വം തടയുകയാണ്.

 

Latest News