Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന് പണി കിട്ടി തുടങ്ങി; ചരക്കു കപ്പലുകള്‍ ചെങ്കടല്‍ റൂട്ട് ഒഴിവാക്കി, വില കുതിച്ചയരും

ടെല്‍അവീവ്- ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതികള്‍ ആക്രമണം ശക്തമാക്കിയതോടെ ലോകത്തിലെ പ്രധാന ചരക്ക് കണ്ടെയ്‌നര്‍ കമ്പനികള്‍ ചെങ്കടലിലൂടെ തങ്ങളുടെ കപ്പലുകള്‍ അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിദൂര കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്രായേല്‍ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും പ്രധാന വ്യാപാര മാര്‍ഗവും യൂറോപ്പിലേക്കുള്ള അവരുടെ പാതയുമാണ് ഭീഷണിയിലായത്.
ഒക്ടോബര്‍ 7 ന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അന്‍സാറുല്ലാഹ് എന്നറിയപ്പെടുന്ന ഹൂതികള്‍ ചെങ്കടലിലെ ഇസ്രാലുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. വടക്കന്‍ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികള്‍ പ്രതിരോധത്തിന്റെ അച്ചുതണ്ടായി ഇതിനെ പ്രഖ്യാപിച്ചിരിക്കയാണ്.  
ഹമാസുമായുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച  അവര്‍ ഇസ്രായില്‍ യുദ്ധം നിര്‍ത്തുന്നത് വരെ ഇസ്രായില്‍ ഉടമസ്ഥതയിലുള്ളതോ ഇസ്രായിലിന്റെ തുറമുഖങ്ങളിലക്ക് പോകുന്നതോട ആയ കപ്പലുകള്‍  ആക്രമിക്കുമെന്ന്  ഭീഷണിപ്പെടുത്തിയിരുന്നു.
രണ്ട് പ്രധാന ഷിപ്പിംഗ് സ്ഥാപനങ്ങളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയും സിഎംഎ സിജിഎമ്മും ചെങ്കടല്‍ സമുദ്ര ഇടനാഴിയിലൂടെയും ഈജിപ്തിലെ സൂയസ് കനാലിലൂടെയും കടന്നുപോകുന്നത് നിര്‍ത്തിവെച്ചു. ഇത് ഇസ്രായിലിന്റെ അന്താരാഷ്ട്ര വ്യാപാരത്തെ മാത്രമല്ല, ആഗോള വ്യാപാരത്തെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
ചെങ്കടലില്‍ തന്ത്രപ്രധാനമായ ബാബുല്‍ മന്ദഖ് കടലിടുക്കിന് സമീപം ഹൂതി തീവ്രവാദികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ചരക്ക് കപ്പലില്‍ പതിച്ചതിനെ തുടര്‍ന്ന് ഡാനിഷ് ഷിപ്പിംഗ് ഭീമന്‍ മാര്‍സ്‌കും ജര്‍മ്മന്‍ ഷിപ്പിംഗ് കമ്പനി ഹപാഗ്‌ലോയിഡും കഴിഞ്ഞ ദിവസം ഇതേ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഫാര്‍ ഈസ്റ്റില്‍നിന്ന് ഇസ്രായിലിലേക്കുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് ആഫ്രിക്കയും ഗുഡ് ഹോപ്പും ചുറ്റിയുള്ള 40 ശതമാനം ദൈര്‍ഘ്യമേറിയ റൂട്ട് സ്വീകരിക്കേണ്ടിവരും. ഇത് ചരക്കുകളുടെ ഷിപ്പിംഗ് സമയം രണ്ടോ നാലോ ആഴ്ച വര്‍ധിപ്പിക്കുകയും ഒരു കപ്പലിന്റെ ചെലവ് പത്ത് ലക്ഷം ഡോളര്‍ വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അധിക ചെലവുകള്‍ ഇറക്കുമതിക്ക് ചെലവ് വര്‍ധിപ്പിക്കുകയും സാധനങ്ങളുടെ വില കുതിച്ചയുരകയും ചെയ്യും. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായിലിലേക്ക് പോകുന്ന കപ്പലുകള്‍  സമുദ്ര ഇന്‍ഷുറന്‍സില്‍ അധിക യുദ്ധ അപകട പ്രീമിയം നല്‍കുന്നുമുണ്ട്.
99% ചരക്കുകളും കടല്‍ വഴി ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇസ്രായിലിനെ ഇത് വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.  ഏഷ്യയുമായുള്ള വ്യാപാരം കുതിച്ചുയര്‍ന്നിരിക്കെയാണ് പുതിയ പ്രതിസന്ധി. വിമാന മാര്‍ഗമുള്ള കാര്‍ഗോ കടത്ത് നേരത്തെ തന്നെ സ്വീകരിച്ചിട്ടുമില്ല.
ഒക്ടോബറില്‍, വജ്രങ്ങള്‍ ഒഴികെയുള്ള  ഇസ്രായിലിന്റെ ഇറക്കുമതി മൊത്തം 17.5 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിയുടെ 49% യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 25% ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക്. ഫാര്‍ ഈസ്റ്റില്‍ നിന്നുള്ള ഇറക്കുമതിയില്‍, പ്രധാനമായും ചൈനയില്‍നിന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിര്‍മ്മാണ പദ്ധതികള്‍ക്കുമുള്ള യന്ത്രസാമഗ്രികള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത്.

 

Latest News