ഗാസ- അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇസ്രായില്‍ സന്ദര്‍ശനത്തില്‍ തണുത്ത പ്രതികരണവുമായി ഗാസയിലെ ജനങ്ങള്‍. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മുന്‍കാല സന്ദര്‍ശനങ്ങള്‍ തങ്ങളുടെ ജീവിതത്തെ മെച്ചപ്പെട്ടതാക്കിയില്ലെന്ന് അവര്‍ പറഞ്ഞു.
'ഈ സന്ദര്‍ശനം ഗാസ മുനമ്പില്‍ ഒരു മാറ്റവും വരുത്തില്ല,' ഹുദ ഹിജാസ് പറഞ്ഞു, ഗാസയില്‍ ആവശ്യത്തിന് മാനുഷിക സഹായമെത്തുന്നില്ല, ആളുകള്‍ മരിക്കുന്നത് തുടരുന്നത്. പിന്നെന്തിനാണ് ഇവര്‍ വരുന്നത്.
ഓസ്റ്റിന്റെ സന്ദര്‍ശനം ഇസ്രായില്‍ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുമെന്ന ഭയമാണുള്ളതെന്ന് മറ്റൊരു ഗാസക്കാരനായ അഷ്‌റഫ് ഷാനന്‍ പറഞ്ഞു. '1948ല്‍ ഇസ്രായില്‍ സ്ഥാപിതമായതു മുതല്‍ അമേരിക്കയാണ് ഇസ്രായിലിന്റെ ഏറ്റവും ശക്തമായ പിന്തുണ. ഈ സന്ദര്‍ശനത്തോടെ ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെയുള്ള കൂടുതല്‍ ഇസ്രായിലി അക്രമങ്ങളും കൂടുതല്‍ നാശവും അംഗഭംഗവും പ്രതീക്ഷിക്കണം- അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍ 7 മുതല്‍ 19,000 ത്തോളം പേര്‍ കൊല്ലപ്പെട്ട ഗാസക്കെതിരായ യുദ്ധത്തില്‍ ഇസ്രായിലിനുള്ള പിന്തുണയുടെ പേരില്‍ ബൈഡന്‍ ഭരണകൂടം സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഓസ്റ്റിന്റെ സന്ദര്‍ശനം.