നഷ്ടക്കണക്കുകള്‍ മാത്രം; ആശങ്കയോടെ പ്രവാസി സമൂഹം

ദമാം-- കേരളത്തിലെ പ്രളയക്കെടുതിയില്‍ ഏറെ ആശങ്കയിലാണ് പ്രവാസി സമൂഹം. നഗരങ്ങളും ഗ്രാമങ്ങളും മഴ താണ്ഡവമാടിയപ്പോള്‍, പ്രവാസി നാളിതു വരെ സമ്പാദിച്ചതും നെയ്തു കൂട്ടിയ സ്വപ്നങ്ങളുമാണ് കുത്തൊലിച്ചു പോയത്. ആയിരക്കണക്കിന് പ്രവാസികളുടെ സമ്പാദ്യങ്ങളാണ് ഒറ്റ രാത്രി കൊണ്ട് നാമാവശേഷമായത്. ഗള്‍ഫിന്റെ ഏറ്റവും സമൃദ്ധമായ സമയത്ത് കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്വപ്ന ഭവനങ്ങളില്‍ പലതും മഴയും പ്രളയവും തകര്‍ത്തു.  ഇതെല്ലാം എങ്ങനെ വീണ്ടെടുക്കുമെന്ന് ഓര്‍ത്ത് നെടുവീര്‍പ്പിടുന്ന അനേകം പേര്‍ പ്രവാസികളിലുണ്ട്.
വിദേശത്തുള്ള ജോലിയും വാസവുമെല്ലാം പ്രതിസന്ധിയിലായതിനാല്‍ ഓരോ പ്രവാസിയും തിരിച്ചുപോക്കിന് ഒരുങ്ങി മണിക്കൂറുകളും ദിവസങ്ങളും എണ്ണിയിരിക്കുമ്പോഴാണ് ദുരന്തം പേമാരിയായി പെയ്തിറങ്ങിയത്.
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എന്ത് ചെയ്യുമെന്നറിയാതെ ഭൂരിഭാഗം പ്രവാസികളും അന്തിച്ചിരിക്കുമ്പോഴാണ് ഒന്നിന് മീതെ ഒന്നൊന്നായി ദുരിതങ്ങള്‍ വന്നു ഭവിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രവാസ ലോകത്ത് നിലക്കാത്ത ഫോണ്‍ വിളികളായിരുന്നു. എല്ലാവര്‍ക്കും പറയാനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രം. ജീവിതത്തില്‍ ഒരു ശരാശരി പ്രവാസി ആകെ, സമ്പാദിച്ച കേറിക്കിടക്കാനുള്ള കൂരയാണ് പ്രളയം തകര്‍ത്തെറിഞ്ഞത്.
ബാങ്ക് ലോണ്‍ എടുത്താണ് മിക്കവാറും പേര്‍ വീട് നിര്‍മിച്ചിരിക്കുന്നത്. ഇത് അടച്ചു തീര്‍ക്കുന്നതിന് മുമ്പാണ് രൗദ്ര ഭാവത്തില്‍ മഴ വിരുന്നെത്തിയത്. നൂറ് കണക്കിന് പ്രവാസികളുടെ വീടുകളില്‍ എല്ലാ സാധന സാമഗ്രികളും നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലായത്. കടമാണെങ്കിലും വാങ്ങിക്കൂട്ടിയ വാഹനങ്ങളും വെള്ളത്തിനടിയിലായി. ഇന്നലെ വരെ നാട്ടില്‍ സുഭിക്ഷമായി കഴിഞ്ഞ തങ്ങളുടെ കുടുംബം ഇന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പലരുടെയും സഹായം കാത്ത് കഴിയേണ്ടി വന്നതിന്റെ സങ്കടവും പലരും ദുഃഖത്തോടെ പങ്കുവെച്ചു.
ഇക്കാര്യം വെളിപ്പെടുത്താന്‍ മടിക്കുന്നവരും പ്രവാസികളിലുണ്ട്. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് കഴുത്തറുപ്പന്‍ ചാര്‍ജുമായി വിമാന കമ്പനികളുടെ ചൂഷണം. ഒരു ദാക്ഷിണ്യവുമില്ലാതെ, ആദ്യം സീറ്റിനു ക്ഷാമം, പിന്നീട് ഉയര്‍ന്ന ക്ലാസ് എന്ന് പറഞ്ഞു ലേലം വിളി പോലെ ചാര്‍ജുകള്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ് വിമാന കമ്പനികള്‍. ലക്ഷങ്ങളുടെ ബാധ്യതകളാണ് ഈ മഴക്കെടുതി സമ്മാനിച്ചതെന്ന് നിരവധി പ്രവാസികള്‍ വെളിപ്പെടുത്തി. വീട്ടിനകത്തു നിന്ന് ഇത് വരെയും വെള്ളമിറങ്ങിയില്ലെന്ന് പലരും പറഞ്ഞു. വെള്ളമിറങ്ങിയാല്‍ തന്നെ ഈ വീടുകള്‍ നവീകരിക്കുന്നതിന് എന്ത് ചെയ്യണമെന്നറിയാതെ ധാരാളം പേര്‍ വിഷമം ഉള്ളിലൊതുക്കി കഴിയുന്നുണ്ട്. ഇന്നലെ വരെ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരന്തരം ബന്ധപ്പെട്ടിരുന്ന കുടുംബത്തെ ഫോണില്‍ പോലും ബന്ധപ്പെടുവാന്‍ കഴിയാതെ വിഷമിച്ചവരും ധാരാളമാണ്. കേരളത്തിലെ പല നെറ്റ് വര്‍ക്കുകളും ഇന്നലെ പ്രവര്‍ത്തന രഹിതമായിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ മൊബൈലുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്തതും ആശയവിനിമയം നിലച്ചതിന് പ്രധാന കാരണമാണ്. സാമൂഹ്യ സാംസ്‌കാരിക പൊതു രംഗങ്ങളില്‍ അറിയപ്പെടുന്ന പല പ്രവാസി നേതാക്കന്മാര്‍ക്കും വന്‍ നഷ്ടങ്ങള്‍ സംഭവിച്ചതായി അറിഞ്ഞിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനു നൂറുകണക്കിന് പ്രവാസികള്‍ ഇതിനകം നാട്ടില്‍ എത്തി. പ്രമുഖ പ്രവാസി സംഘടനകളെല്ലാം ദുരിതാശ്വാസ ഫണ്ടുകളും അവശ്യ സാധനങ്ങളും സമാഹരിച്ചു നാട്ടിലെത്തിക്കുന്ന ദൗത്യത്തിലാണ്. തങ്ങള്‍ക്ക് ബാധിച്ച നഷ്ട കണക്കുകള്‍ക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നതിന് പ്രവാസി സമൂഹം കാണിക്കുന്ന മനസ്സാണ് ഇവിടെയും നിഴലിക്കുന്നത്.

Latest News