Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് പ്രധാനമായ പത്ത് തീരുമാനങ്ങള്‍

പ്രമേഹം പ്രവാസികള്‍ക്കു മാത്രമല്ല ഭീഷണിയായി തുടരുന്നതെങ്കിലും പ്രവാസികളുടെ ജീവിത ശൈലിയും അശ്രദ്ധയും പലപ്പോഴും പ്രമേഹവും അതിന്റെ സങ്കീര്‍ണതകളും വര്‍ധിപ്പിക്കുന്നുണ്ട്. പ്രമേഹം കണ്ടെത്താന്‍ വൈകുന്നതും ചികിത്സ ആരംഭിക്കാന്‍ സമയമെടുക്കുന്നതും വിലയ സങ്കീര്‍ണതകളിലാണ് എത്തിക്കുന്നത്. സൗദി അറേബ്യയില്‍ വര്‍ഷം ആയിരക്കണക്കിന് പ്രമേഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ഷ്യന്‍ പ്രവാസികളിലാണ് കൂടുതലെന്നും സര്‍വേ കണക്കാക്കുന്നു. ആയിരം രോഗകളില്‍ പത്തു പേരുടെ കാലുകള്‍ മുറിച്ചുമാറ്റേണ്ടിവരുന്നു.
അതേസമയം, 90 ശതമാനം കേസുകളും തടയാനാവുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തെ  കണ്ടെത്തി ചികിത്സിക്കാന്‍ കഴിയുന്നതിലൂടെയാണ് ഇത് സാധ്യമാകുക.
പ്രമേഹത്തെ നേരിടാന്‍ ആവശ്യമായ 10 തീരുമാനങ്ങളാണ് താഴെ. ഇവ ഫലപ്രദമായി പാലിക്കാന്‍ ശ്രമിക്കണം.  
1. മുടങ്ങാതെയുള്ള രക്ത പരിശോധന
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. ഈ അളവ് കൂടുതലായാലും നന്നേ കുറവായാലും അപകടമാണ്. ഭക്ഷണത്തിന് മുമ്പുളഅള ഗ്ലൂക്കോസ് നില 80ല്‍ കുറയരുത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കും. തീരേ ഊര്‍ജമില്ലാതെ തോന്നുക, കൈകാലുകളുടെ പേശികള്‍ക്ക് തളര്‍ച്ച, വിയര്‍പ്പ്, ബോധം നഷ്ടപ്പെടുക ഇവ ഹൈപ്പോഗ്ലൈസീമിയ എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 120ല്‍ കൂടിയാല്‍ ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാം. ഇത് നീണ്ടുനിന്നാല്‍ വൃക്കകള്‍, കണ്ണ്, നാഡികള്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും.
രോഗാവസ്ഥ ഇത്തരം പ്രശ്‌നങ്ങളിലേക്ക് പോകുന്നുണ്ടോ എന്നറിയാന്‍ ഭക്ഷണത്തിന് മുമ്പും ഭക്ഷണം കഴിച്ചതിന് രണ്ടുമണിക്കൂറിന് ശേഷവും രക്തപരിശോധന നടത്തണം. ഭക്ഷണശേഷമുള്ള സുരക്ഷിതമായ ഗ്ലൂക്കോസിന്റെ അളവ് 140 വരെയാണ്

2.ഹീമോഗ്ലോബിന്‍ പരിശോധന
വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഹീമോഗ്ലോബിന്‍ അളവ്(HbA1c) പരിശോധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എല്ലായ്പ്പാഴും ആരോഗ്യകരമായ അളവിലാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് 7ല്‍ കുറഞ്ഞിരിക്കണം.

3. പതിവായും സമയത്തിനും മരുന്ന്
കൃത്യസമയത്ത് മറക്കാതെ മരുന്നുകഴിക്കുകയാണ് പ്രമേഹരോഗികള്‍ ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം. ഒരു നേരത്തെ ഗുളിക കഴിക്കാന്‍ മറന്നുപോയാല്‍ അടുത്ത തവണ രണ്ടെണ്ണം ഒന്നിച്ചുകഴിക്കുന്നവരുണ്ട്. ഇത് ഫലപ്രദമല്ല. പ്രത്യേക എന്‍സൈമുകളുമായി പ്രത്യേക സമയത്ത് പ്രവര്‍ത്തിക്കേണ്ടവയാണ് പ്രമേഹ മരുന്നുകള്‍. ഇവ സമയംതെറ്റി കഴിക്കുന്നത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.

4.വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക

പ്രമേഹം വേണ്ടരീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. നാരുകളടങ്ങിയതും പൊട്ടാസ്യവും മറ്റ് ധാതുക്കളടങ്ങിയതുമായ ഭക്ഷണം ശീലമാക്കണം. വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പരിശോധനകളും (serum albumin, creatinine ttse) നടത്തണം.

5.കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുക

പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്‌ട്രോളി(LDL)ന്റെ അളവ് കൂടാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും.  വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണ് പരിഹാരം. പകരം മത്സ്യം, തവിടോടുകൂടിയ ധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ശീലമാക്കണം.

6.ശരിയായ ക്രമത്തിലുള്ള ഭക്ഷണം
ഒറ്റയടിക്ക് കുറേയധികം ഭക്ഷണം പ്രമേഹരോഗികള്‍ക്ക് ഉചിതമല്ല. മൂന്ന് നേരത്തെ പ്രധാന ഭക്ഷണത്തിനിടയില്‍ രണ്ട്-മൂന്ന് മണിക്കൂര്‍ ഇടവിട്ട് ലഘുഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മൈദപോലുള്ള സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്‌സ്, മുത്താറി, ഗോതമ്പ് തുടങ്ങിയവയാകാം.
ദിവസം 25ഗ്രാം നാര് എങ്കിലും ഭക്ഷണത്തിലൂടെ ഉള്ളിലെത്തണം. തോലുരിച്ച കോഴിയിറച്ചി, ചെറു മീനുകള്‍, മുട്ടയുടെ വെള്ള, അധികം കൊഴുപ്പടങ്ങാത്ത തൈര്, പാട നീക്കിയ പാല്‍ ഇവ കഴിക്കണം. ഇലക്കറികള്‍ ധാരാളമായി കഴിക്കാം. പഴവര്‍ഗങ്ങള്‍ രണ്ടെണ്ണത്തിലധികമാകരുത്.

7.വ്യായാമം

പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവുമായാല്‍ നന്നായി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. അതിനോടൊപ്പം നല്ല മനോനില നിലനിര്‍ത്താനും വ്യായാമം സഹായിക്കും.

8.ഭാരം കുറക്കുക

ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബോഡി മാസ് ഇന്‍ഡക്‌സാണ് ആരോഗ്യകരമായ ഭാരം കണ്ടെത്താനുള്ള മാര്‍ഗം. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം(സ്‌ക്വയര്‍ ) കൊണ്ട് ഹരിക്കണം. ഇങ്ങനെ കിട്ടുന്ന സംഖ്യ 18.5 ല്‍ കുറയാനോ 25ല്‍ കൂടാനോ പാടില്ല. പ്രമേഹം വരുന്നതിനുമുന്‍പുള്ള ശരീരഭാരത്തിന്റെ 10 ശതമാനമെങ്കിലും കുറയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

9.പാദങ്ങളുടെ സംരക്ഷണം

പ്രമേഹരോഗികള്‍ക്ക് കാലിന് മുറിവും വ്രണവും ഉണങ്ങാന്‍ കാലതാമസമുണ്ടാകും. ഇത് കാല്‍ മുറിച്ചുകളയുന്ന അവസ്ഥയിലേക്കുവരെ എത്താം. പ്രമേഹം വര്‍ധിച്ച് നാഡികളുടെ സംവേദനം കുറയുന്ന അവസ്ഥയില്‍ കാലിലെ മുറിവോ വേദനയോ അറിയാതെ പോകുന്നതും സാധാരണമാണ്. ഇക്കാരണത്താല്‍ അനുയോജ്യമായ പാദരക്ഷ ഉപയോഗിക്കുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പ്രധാനമാണ്.

10. പുകവലി ഒഴിവാക്കുക

പുകവലി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാല്‍ ഹൃദ്രോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ അപകടകരമാണ്. പുകവലി, മദ്യപാനം ശീലമുള്ളവര്‍ പൂര്‍ണമായും നിര്‍ത്തണം.

 

Latest News