ഇന്ന് ഖത്തർ ദേശീയ ദിനം; ഗാസ സഹായം തേടി രാജ്യത്ത് 'ഫലസ്തീൻ ഡ്യൂട്ടി' കാമ്പയിൻ

ദോഹ- ഇസ്രായിൽ നരനായാട്ടിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ സഹോദരങ്ങളെ സഹായിക്കുന്നതിനായി 'ഫലസ്തീൻ ഡ്യൂട്ടി' ദുരിതാശ്വാസ കാമ്പയിനുമായി ഖത്തറിലെ ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കുള്ള റെഗുലേറ്ററി അതോറിറ്റി രംഗത്ത്. രാജ്യത്തിന്റെ ദേശീയ ദിനമായ ഡിസംബർ 18ന്, കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ), സൂഖ് വാഖിഫ്, ദർബ് അൽ സായ് എന്നിവയുടെ സംഭാവനാ സൈറ്റുകളിൽ നിന്ന് ഖത്തർ ടി.വി കാമ്പയിൻ തത്സമയം സംപ്രേഷണം
ചെയ്യും.
ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും ഖത്തർ ചാരിറ്റിയുടെയും പങ്കാളിത്തത്തോടെയും ഖത്തർ മീഡിയ കോർപറേഷന്റെ (ഖത്തർ ടി.വി) സഹകരണത്തോടെയുമാണ് ഖത്തറിലെ ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കുള്ള റെഗുലേറ്ററി അതോറിറ്റി 'ഫലസ്തീൻ ഡ്യൂട്ടി' ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചത്.
ഈ കാമ്പയിൻ ഖത്തറിന്റെ സഹോദരങ്ങളായ ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണയുടെ ഭാഗമാണെന്നും ഗാസ മുനമ്പിലെ ആക്രമണത്തിന് ഇരയായവർക്ക്, പ്രത്യേകിച്ച് പരിക്കേറ്റവർ, അനാഥർ, കുട്ടികൾ, വിധവകൾ, ഗർഭിണികൾ എന്നിവർക്ക് ആശ്വാസം നൽകുമെന്നും ഖത്തറിലെ ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കുള്ള റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി ആവശ്യമായ മരുന്നുകൾ, ഭക്ഷണം, അടിയന്തര അഭയ സാമഗ്രികൾ, വസ്ത്രങ്ങൾ, വെള്ളം, ശുചീകരണ, ശുചിത്വ സാമഗ്രികൾ, കുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ സാധനങ്ങൾ എന്നിവ വാങ്ങാൻ ഈ സംഭാവനകൾ ഉപയോഗിക്കുമെന്ന് ഏജൻസി അറിയിച്ചു.
ഗാസയിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനും ഫലസ്തീൻ കുടുംബങ്ങൾക്ക് ഒരു ജീവനാഡി നൽകുന്നതിനും അവരുടെ ഭൂമിയിൽ അവരുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉദാരമായി സംഭാവന ചെയ്യാൻ ഖത്തരി ജനതയോടും താമസക്കാരുടെയും സംഘാടകർ ആവശ്യപ്പെട്ടു.
ഗാസയ്‌ക്കെതിരായ തുടർച്ചയായ ആക്രമണം ആശുപത്രികൾ, ആരോഗ്യ സംവിധാനം, ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, ജലസ്രോതസ്സുകൾ എന്നിവയുടെ നാശത്തിന് കാരണമായി, ഇന്ധനവും വൈദ്യുതിയും വിതരണം നിർത്തി, ഗാസയിലെ പകുതി വീടുകളും നശിപ്പിക്കപ്പെട്ടു, ശീതകാലം കൊടും തണുപ്പിൽ ആളുകളെ ഭവനരഹിതരാക്കുന്നു. ഈഘട്ടത്തിൽ അവശ്യ സാധനങ്ങളും സൗകര്യങ്ങളും നൽകേണ്ടത് മാനുഷിക ബാധ്യതയാണ് .
70 ദിവസത്തിലധികം നീണ്ട ആക്രമണത്തിന് ശേഷം ഗാസയിലെ സ്ഥിതിഗതികൾ അതീവ ദയനീയമാണ്. ഈ സ്ഥിതി തുടർന്നാൽ ക്ഷാമവും രോഗവും പടരാൻ സാധ്യതയേറെയാണ്. ഇത് ഗാസയിലെ കുട്ടികളുടെ മുഴുവൻ തലമുറയെയും ദോഷകരമായി ബാധിക്കും. അടിയന്തിരവും വേഗത്തിലുള്ളതും ജീവൻ രക്ഷിക്കുന്നതുമായ പിന്തുണയാണ് അവർക്കാവശ്യം. ഇതിനായി മാനുഷികാടിസ്ഥാനത്തിൽ എല്ലാവരും കൈകോർക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Tags

Latest News