സ്റ്റേ നീങ്ങി: പൊറാട്ട്‌നാടകം തിയേറ്ററുകളിലേക്ക്

കൊച്ചി- സൈജു കുറുപ്പ് നായകനായി അഭിനയിച്ച 'പൊറാട്ട്‌നാടകം' എന്ന സിനിമയ്ക്ക്  എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീങ്ങി.   പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍  സിനിമയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. ഇരു വിഭാഗത്തിന്റേയും വാദങ്ങള്‍കേട്ട  എറണാകുളം അഡീഷണല്‍ ജില്ലാ കോടതി (നമ്പര്‍ 1) ഉപാധികളോടെ 'പൊറാട്ട്‌നാടക'ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികള്‍ക്ക് യാഥാര്‍ഥ്യം ബോധ്യമാകുമെന്നും ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാല്‍ ഹര്‍ജിക്കാര്‍ക്കെതിരെ മാനനഷ്ടമുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും 'പൊറാട്ട്‌നാടക'ത്തിന്റെ സംവിധായകന്‍ നൗഷാദ് സാഫ്രോണ്‍, നിര്‍മ്മാതാവ് വിജയന്‍ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടന്‍ സൈജു കുറുപ്പ് എന്നിവര്‍ പറഞ്ഞു. 

നിര്‍മ്മാതാവിനും തിരക്കഥാകൃത്തിനും വേണ്ടി അഡ്വ. മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തിയേറ്ററുകളിലെത്തും.

Latest News