കുവൈത്ത് അമീറിന് യാത്രാമൊഴി, അന്ത്യ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രം

കുവൈത്ത് സിറ്റി- ശനിയാഴ്ച അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ (86) ഖബറടക്കം സ്വകാര്യ ചടങ്ങില്‍ നടത്തി. അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു.

തലസ്ഥാനമായ കുവൈത്ത് സിറ്റിയിലെ ബിലാല്‍ ബിന്‍ റബാഹ് മസ്ജിദില്‍ നടന്ന നമസ്‌കാരവും ഖബറിസ്ഥാനിലേക്കുള്ള വിലാപയാത്രയും സംസ്ഥാന ടെലിവിഷന്‍ കാണിച്ചു. അവ ഭരണകുടുംബത്തിന് മാത്രം പരിമിതമായിരുന്നു.

പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍സദൂണ്‍ മാത്രമാണ് അല്‍സബ കുടുംബത്തിന് പുറത്ത് പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ അനുവദിച്ച ഒരേയൊരു ഉന്നത ഉദ്യോഗസ്ഥന്‍.

കുവൈത്തിന്റെ പുതിയ അമീര്‍, 83 കാരനായ ശൈഖ് മെഷാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, ചടങ്ങില്‍ കണ്ണുനീര്‍ പൊഴിക്കുന്നതും കുവൈത്ത് പതാകയില്‍ പൊതിഞ്ഞ അമീറിന്റെ മൃതദേഹത്തെ അനുഗമിക്കുന്നതും ടി.വിയില്‍ കാണിച്ചു.
40 ദിവസത്തെ ദുഃഖാചരണം ആരംഭിച്ചു, സര്‍ക്കാര്‍ ഓഫീസുകളുടെ മൂന്ന് ദിവസത്തെ അടച്ചുപൂട്ടല്‍ ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കും. കുവൈത്ത് സിറ്റിയിലുടനീളം പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി, അന്തരിച്ച ഭരണാധികാരിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച വലിയ ഡിജിറ്റല്‍ പരസ്യബോര്‍ഡുകള്‍ എങ്ങും കാണാമായിരുന്നു.

 

Latest News