ആള്‍മാറാട്ടം പതിവാക്കിയ യുവാവ് പിടിയില്‍, കേരളത്തില്‍ സംശയാസ്പദ ബന്ധമെന്ന് ഒഡീഷാ പോലീസ്

ന്യൂദല്‍ഹി-  പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായും സൈനിക ഡോക്ടറായും ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. കശ്മീരിലെ കുപ്‌വാര സ്വദേശി സയാദ് ഇഷാന്‍ ബുഖാരി എന്ന ഇഷാന്‍ ബുഖാരി(37)യെ ഒഡീഷ പോലീസിന്റെ പ്രത്യേക സംഘമാണ്(എസ്ടിഎഫ്) പിടികൂടിയത്.
വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തിയ ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ ഇയാള്‍ക്കെതിരേ വ്യാജരേഖ ചമച്ചതിനും ആളുകളെ കബളിപ്പിച്ചതിനും നിരവധി കേസുകളുണ്ട്. ഇതിനിടെയാണ് ഒഡീഷ പോലീസിന്റെ പ്രത്യേക ദൗത്യസംഘം ജയ്പുര്‍ ജില്ലയിലെ നുയല്‍പുര്‍ ഗ്രാമത്തില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  ഇയാള്‍ക്ക് പാകിസ്താനിലെ നിരവധിപേരുമായി ബന്ധമുണ്ടെന്നും ഒഡീഷ പൊലീസ് പറഞ്ഞു. കശ്മീര്‍,മഹാരാഷ്ട്ര, യു.പി,ഒഡീഷ എന്നിവിടങ്ങളില്‍നിന്നായി ആറോ ഏഴോ യുവതികളെ വിവാഹം ചെയ്തതായും പറയുന്നു.
കേരളത്തിലെ ചില സംശയാസ്പദ സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും എസ്ടിഎഫ്. ഐജി. ജെ എന്‍ പങ്കജ് മാധ്യമങ്ങളോട് പറഞ്ഞു.  
ന്യൂറോ സര്‍ജന്‍, മിലിട്ടറി ഡോക്ടര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ പ്രതി ആള്‍മാറാട്ടം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉന്നത എന്‍.ഐ.എ. ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
പലയിടത്തും പലപേരുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതിനായി നിരവധി വ്യാജരേഖകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായും പ്രതിയില്‍നിന്ന് നൂറിലേറെ രേഖകള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

 

Latest News