Sorry, you need to enable JavaScript to visit this website.

സൗദി പൗരനെ വഞ്ചിച്ച് 27 കോടിയോളം രൂപയുമായി മലപ്പുറം സ്വദേശി മുങ്ങി

ജിദ്ദ-സൗദിയിലെ ബിസിനസുകാരനായ മലയാളി പ്രവാസിയെ സഹായിച്ച് കുരുക്കിലായതായി സൗദി പൗരന്റെ ആരോപണം. മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള പുതിയകത്ത് ഷമീൽ(53)എന്നയാളാണ് തന്നെ വഞ്ചിച്ചതെന്ന് ജിദ്ദ അൽ റൗദ ജില്ലയിലെ ഇബ്രാഹീം മുഹമ്മദ് അൽ ഉതൈബി ആരോപിച്ചു. ജിദ്ദയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് ഇബ്രാഹീം മുഹമ്മദ് ആരോപണം ഉന്നയിച്ചത്. 1.25 കോടി റിയാലോളം(12,543,400 സൗദി റിയാൽ- 27 കോടിയോളം ഇന്ത്യൻ രൂപ)വഞ്ചിച്ചതായി  ഇബ്രാഹീം മുഹമ്മദ്  വ്യക്തമാക്കി. പണമായി 7,200,000 റിയാൽ ബിസിനസിൽ പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് മലയാളി കൈക്കലാക്കിയത്. ഷമീലിന് ബാങ്കിലുണ്ടായിരുന്ന ബാധ്യത തീർക്കാൻ വേണ്ടി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നൽകി ബാക്കി തുകയും(5,343,400) ഇബ്രാഹീം മുഹമ്മദിന് നഷ്ടമായി. 

മുഹമ്മദ് ഇബ്രാഹീം ഉന്നയിക്കുന്ന ആരോപണം
സൗദി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് ആദ്യമായി നിക്ഷേപ ലൈസൻസ് നേടിയവരിൽ ഒരാളായിരുന്നു പുതിയകത്ത് ഷമീൽ. ഈ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ ഇദ്ദേഹം തുടങ്ങാനിരിക്കുന്ന നിരവധി പദ്ധതികളിലേക്ക് ഒട്ടേറെ ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചു. ഇതനുസരിച്ച് താനും തന്റെ മകൻ അബ്ദുല്ല അൽ ഉതൈബിയും ഷമീലിന്റെ ബിസിനസിൽ പങ്കാളിത്തം സ്വീകരിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 7,200,000 റിയാൽ നൽകി. എന്നാൽ ഒറാക്‌സ് ഫിനാൻസ് കമ്പനിയില്‍നിന്ന് ഷമീല്‍ വായ്പ എടുത്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ഷമീലിന്റെ പേരിൽ കേസ് കൊടുത്തു. ഇതോടെ ഷമീലിന് യാത്രാവിലക്ക് അടക്കം നേരിടേണ്ടി വന്നു. യാത്രാവിലക്ക് നീക്കാനും സൗദിയിൽ തുടങ്ങാനിരിക്കുന്ന ബിസിനസിന് ആവശ്യത്തിന് വേണ്ടി ബാങ്കിലെ കുടിശിക തീർക്കാൻ ആവശ്യപ്പെട്ടു. നാട്ടിലെത്തിയ ശേഷം തന്റെ പേരിലുള്ള സ്വത്തുക്കൾ വിറ്റ് പണം തിരിച്ചുനൽകാമെന്ന ഉറപ്പിൽ തന്റെ പേരിലുണ്ടായിരുന്ന സൗദിയിലെ സ്വത്ത് ബാങ്കിൽ ജാമ്യം നൽകി ഷമീലിന്റെ യാത്രാ വിലക്ക് നീക്കി. തുടർന്ന് ഷമീൽ നാട്ടിലേക്ക് പോയി. എന്നാൽ പിന്നീട് അയാൾ തിരിച്ചുവന്നില്ല. ഇതോടെ പണയത്തിലുള്ള തന്റെ സ്വത്തുക്കൾ കോടതി 5,343,400 റിയാലിന് ലേലത്തിൽ വിറ്റു. അനധികൃതമായി കൈക്കലാക്കിയ സ്വത്തും പണവും തിരിച്ചുനൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷമീൽ വഴങ്ങിയില്ല.

ഇന്ത്യയിൽ തനിക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ഇയാൾ വീരവാദം മുഴക്കുകയാണെന്നും ഇബ്രാഹീം മുഹമ്മദ് ആരോപിച്ചു. സൗദി പൗരൻമാരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ഷമീൽ സൗദിയിൽ എത്തിയതെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഓഫീസിലടക്കം പരാതി നൽകിയിട്ടുണ്ടെന്നും ഇബ്രാഹീം മുഹമ്മദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി. ഷമീലിന് എതിരെ ജിദ്ദ ജനറൽ കോടതിയില് ഇബ്രാഹീം മുഹമ്മദ് പരാതി നൽകിയിരുന്നു. ഇതിൽ ഇബ്രാഹീം മുഹമ്മദിന് അനുകൂലമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്.  എന്നാൽ ഷമീിൽ സൗദിയിൽ ഇല്ലാത്തതിനാൽ വിധി നടപ്പാക്കാനായിട്ടില്ല. ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര-സാഹോദര്യ ബന്ധങ്ങൾക്ക് വിള്ളലേൽപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും ഇതിനെതിരെ ഇന്ത്യൻ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇബ്രാഹീം മുഹമ്മദ് ആവശ്യപ്പെട്ടു. ഷമീലിനെ തേടി ഒരിക്കൽ കേരളത്തിൽ പോയ കാര്യവും ഇബ്രാഹീം മുഹമ്മദ് പറഞ്ഞു. ഷമീലിന്റെ വീട്ടിലെത്തിയ ഇബ്രാഹീമിനോട് എല്ലാം ഉടൻ ശരിയാക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാൽ പിന്നീട് തനിക്കെതിരെ കേസ് നൽകിയെന്നാണ് ഷമീൽ പറഞ്ഞതെന്നും ഇബ്രാഹീം മുഹമ്മദ് വ്യക്തമാക്കുന്നു.

Latest News