Sorry, you need to enable JavaScript to visit this website.

കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ ലോക നേതാക്കൾ അനുശോചിച്ചു, അന്ത്യ ചടങ്ങുകൾ നാളെ

ഇന്ന് അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് നവാഫ്(വലത്ത്) ഇന്ന് അധികാരമേറ്റ അമീറിനൊപ്പം

കുവൈത്ത് സിറ്റി - കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ വിയോഗത്തിൽ ലോക നേതാക്കൾ അനുശോചിച്ചു. ശൈഖ് നവാഫിന്റെ വിയോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അൽസ്വബാഹ് കുടുംബത്തെയും കുവൈത്ത് ജനതയെയും അനുശോചനം അറിയിച്ചു. സൗദി അറേബ്യയും സൗദി ജനതയും കുവൈത്ത് ജനതയുടെ ദുഃഖം പങ്കുവെക്കുന്നതായും സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു. 
കുവൈത്ത് അമീറിന്റെ വിയോഗത്തിൽ യു.എ.ഇയും ഈജിപ്തും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽസുദാനി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അൽഅസൂമി, സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത്, ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമാൻ രാജാവ്, ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി നിരവധി ലോക നേതാക്കൾ ശൈഖ് നവാഫിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. 
ഇന്ന് ഉച്ചയോടെയാണ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് അന്ത്യശ്വാസം വലിച്ചതെന്ന് കുവൈത്ത് ടി.വി ഒന്നാം ചാനലിലൂടെ വിയോഗ വാർത്ത അറിയിച്ച് അമീരി കോർട്ട്കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽഅബ്ദുല്ല അൽമുബാറക് അൽസ്വബാഹ് പറഞ്ഞു. കുവൈത്തിലെ ബിലാൽ ബിൻ റബാഹ് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് നാളെ ഖബറടക്കുമെന്ന് അമീരി കോർട്ട്കാര്യ മന്ത്രി അറിയിച്ചു. അനന്തര കർമങ്ങളിലെ പങ്കാളിത്തം അടുത്ത ബന്ധുക്കളിൽ മാത്രമായി പരിമിതപ്പെടുത്തി. ശൈഖ് മിശ്അൽ അൽസ്വബാഹിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ എത്തുന്നവരെ പുതിയ അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹും അൽസ്വബാഹ് കുടുംബവും ബയാൻ കൊട്ടാരത്തിൽ അൽസ്വബാഹ് ഫാമിലി കോർട്ടിൽ വെച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വീകരിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ ദുഹ്ർ ബാങ്ക് വിളിക്കുന്നതു വരെയും ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ദുഹ്ർ ബാങ്ക് വിളിക്കുന്നതു വരെയും അസർ നമസ്‌കാരത്തിനു ശേഷം മുതൽ മഗ്‌രിബ് വരെയും കുവൈത്ത് അമീറും അൽസ്വബാഹ് കുടുംബവും അനുശോചനം സ്വീകരിക്കുമെന്ന് അമീരി കോർട്ട് മന്ത്രി അറിയിച്ചു. കുവൈത്തിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ മൂന്നു ദിവസം അടച്ചിടും. 
അടിയന്തിര ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് പരിശോധനകൾക്കും ചികിത്സക്കുമായി കഴിഞ്ഞ മാസം 29 ന് ആണ് ശൈഖ് നവാഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശൈഖ് നവാഫിന്റെ ആരോഗ്യനില ഭദ്രമാണെന്ന് അന്ന് അമീരി കോർട്ട് മന്ത്രി അറിയിച്ചിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ശിക്ഷിക്കപ്പെട്ട പ്രമുഖരായ സ്വദേശികൾ അടക്കമുള്ള കുവൈത്തികൾക്കും വിദേശികൾക്കും ആഴ്ചകൾക്കു മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചതാണ് വിനയവും സൗമ്യതയും മുഖമുദ്രയാക്കിയ ശൈഖ് നവാഫ് അൽസ്വബാഹ് അവസാനമായി കൈക്കൊണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്ന്. 
1937 ജൂൺ 25 ന് ആണ് ശൈഖ് നവാഫിന്റെ ജനനം. 2020 സെപ്റ്റംബർ 29 ന് ആണ് കുവൈത്ത് അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 ന് കുവൈത്ത് കിരീടാവകാശിയായി അധികാരമേറ്റു. 1962 മുതൽ പതിനാറു വർഷക്കാലം ഹവലി പ്രവിശ്യ ഗവർണറായിയിരുന്നു. 1978 മാർച്ച് 19 ന് ആഭ്യന്തര മന്ത്രിയായും 1988 ജനുവരി 26 ന് പ്രതിരോധ മന്ത്രിയായും നിയമിതനായി. 1991 ഏപ്രിൽ രണ്ടിന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു. 1994 ഒക്‌ടോബർ 16 ന് നാഷണൽ ഗാർഡ് ഉപമേധാവി പദവിയും 2003 ഒക്‌ടോബർ 16 ന് ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി പദവികളും ഏറ്റെടുത്തു. 1988 മുതൽ 1991 വരെ പ്രതിരോധ മന്ത്രിയായി സേവമനുഷ്ഠിക്കുന്ന കാലത്താണ് 1990 ഓഗസ്റ്റ് രണ്ടിന് കുവൈത്തിൽ ഇറാഖ് അധിനിവേശം നടത്തിയത്. 58 വർഷക്കാലം കുവൈത്തിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന് നിരവധി പദവികൾ വഹിച്ച് രാഷ്ട്രസേവനം നടത്തിയാണ് ശൈഖ് നവാഫ് വിടവാങ്ങിയത്. ശരീഫ സുലൈമാൻ അൽജാസിം ആണ് ഭാര്യ. ശൈഖ, ഫൈസൽ, അഹ്മദ്, അബ്ദുല്ല, സാലിം എന്നിവർ മക്കളാണ്. 
കുവൈത്തിന്റെ പതിനേഴാമത്തെ ഭരണാധികാരിയായി അധികാരമേറ്റ പുതിയ അമീർ ശൈഖ് മിശ്അൽ അൽസ്വബാഹ് 2020 ഒക്‌ടോബർ എട്ടിന് ആണ് കിരീടാവകാശിയായി ചുമതലയേറ്റത്. മുൻ കുവൈത്ത് അമീർ ശൈഖ് അഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ ഏഴാമത്തെ പുത്രനായി 1940 സെപ്റ്റംബർ 27 ന് ആണ് ജനനം. കുവൈത്തിലെ ആദ്യത്തെ വ്യവസ്ഥാപിത സ്‌കൂൾ ആയ അൽമുബാറകിയ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ലണ്ടനിലെ ഹെൻഡോൺ പോലീസ് കോളേജിൽ നിന്ന് ബിരുദം നേടി. ശേഷം ആഭ്യന്തര മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിക്കുകയും നിരവധി പദവികൾ വഹിച്ച് 1967 ൽ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവിയായി മാറുകയും ചെയ്തു. 2004 ഏപ്രിൽ 13 ന് നാഷണൽ ഗാർഡ് ഡെപ്യട്ടി ചീഫ് ആയി നിയമിതനായി. കിരീടാവകാശിയായി നിയമിതനാകുന്നതു വരെ ഈ പദവിയിൽ തുടർന്നു. കിരീടാവകാശിയായി നിയമിതനാകുന്നതു വരെ ഒരു മന്ത്രാലയത്തിന്റെയും ചുമതല വഹിച്ചിട്ടില്ല. 

Latest News