മാത്യു പെറിയുടെ മരണ കാരണം കെറ്റാമൈനിന്റെ അമിത ഉപയോഗം

ലോസ് ആഞ്ചലസ്- ഒരുമാസം മുമ്പ് അന്തരിച്ച ഫ്രണ്ട്‌സ് സീരീസ് താരം മാത്യു പെറിയുടെ മരണ കാരണം 'കെറ്റാമൈനിന്റെ' അമിത ഉപയോഗം. ഡിസംബര്‍ 15ന് പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 

കെറ്റാമൈന്റെ അമിത ഉപയോഗം മരണത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് മെഡിക്കല്‍ എക്‌സാമിനര്‍ പറയുന്നത്. ഹാലുസിനേഷന്‍ ഇഫക്ട് കൊടുക്കുന്ന ശക്തമായ ലഹരി മരുന്നാണ് കെറ്റാമൈന്‍. വിഷാദരോഗത്തിനും പെയിന്‍ കില്ലറായും ഉപയോഗിക്കുന്ന കെറ്റാമൈനിന്റെ  ഫലങ്ങളും മറ്റ് ഘടകങ്ങളും ചേര്‍ന്ന് അദ്ദേഹത്തിനു ബോധം നഷ്ടപ്പെടുകയും ഹോട്ട് ട്യൂബില്‍ മുങ്ങി മരിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.

വേദന കുറയ്ക്കാനും വിഷാദാവസ്ഥയില്‍ നിന്ന് മുക്തനാവാനും കെറ്റാമൈന്‍ ഒരു പരിധിവരെ സഹായിച്ചിരുന്നുവെന്നും എന്നാല്‍ ഇതിന്റെ അനന്തരഫലം തന്നെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ കുറിച്ചിരുന്നു.

ഒക്ടോബര്‍ 29നാണ് മാത്യു പെറി മരിച്ചത്. ഏറെ കാലമായി മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും അടിമയായിരുന്നു മാത്യു പെറി. നിരവധി തവണ അദ്ദേഹം റിഹാബ് ക്ലിനിക്കുകളില്‍ അഭയം തേടിയിട്ടുമുണ്ട്. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തില്‍ സഹായി വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത്ത് ടബില്‍ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തിയത്. 

1994 മുതല്‍ 2004 വരെ പ്രദര്‍ശനം തുടര്‍ന്ന എന്‍. ബി. സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്‌സിന് 10 സീസണുകളുണ്ടായിരുന്നു. 'ചാന്‍ഡ്‌ലര്‍ ബിംഗ്' എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഷോകളിലൊന്നായി കണക്കാക്കുന്ന സീരീസുകളിലൊന്നായിരുന്നു ഫ്രണ്ട്‌സ് സീരീസ്. ഫ്രണ്ട്‌സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Latest News