Sorry, you need to enable JavaScript to visit this website.

മിസ്സിംഗ് ട്രോഫി

ഒരു പ്രധാന ഇന്റർനാഷനൽ ഫുട്‌ബോൾ ടൂർണമെന്റ് ആദ്യമായി സംഘടിപ്പിക്കുകയാണ് സൗദി അറേബ്യ. ക്ലബ്ബ് ലോകകപ്പ് അതിന്റെ എല്ലാ ഗ്ലാമറോടെയും പുരോഗമിക്കുകയാണ്. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീലിലെ ഫ്ലമിനൻസ് ഉൾപ്പെടെ ടീമുകൾ ജിദ്ദയിലെത്തിക്കഴിഞ്ഞു. ഇന്ന് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ക്രിസ്റ്റൽ പാലസിനെതിരായ കളി കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിയും സൗദിയിലെത്തും. 
തന്റെ സമ്പന്നമായ ട്രോഫി അലമാരയിലെ ഒഴിഞ്ഞ മൂല നിറക്കാനാണ് പെപ് ഗാഡിയോല മാഞ്ചസ്റ്റർ സിറ്റി കളിക്കാരുമായി ജിദ്ദയിലേക്ക് വിമാനം കയറുന്നത്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും എഫ്.എ കപ്പും നേടിയ കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് ലോകകപ്പോടെ ഈ സീസണിൽ ട്രോഫി നേട്ടത്തിന് തുടക്കമിടാനാണ് അവർ ആഗ്രഹിക്കുന്നത്. 
ട്രോഫി ചക്രത്തിൽ ഒരെണ്ണത്തിന്റെ കുറവ് മാത്രമേയുള്ളൂ എന്നും അത് കൂടി പൂർത്തിയാക്കാനാണ് വരുന്നതെന്നും ഗാഡിയോള പ്രഖ്യാപിച്ചു. സിറ്റി ക്ലബ്ബ് ലോകകപ്പിൽ കളിക്കുന്നത് ആദ്യമാണെങ്കിലും ഗാഡിയോള മൂന്നു തവണ ഈ കിരീടമുയർത്തിക്കഴിഞ്ഞു, ബാഴ്‌സലോണയിലും ബയേൺ മ്യൂണിക്കിലും കോച്ചായിരുന്നപ്പോൾ. സിറ്റിക്കു വേണ്ടി ക്ലബ്ബ് ലോകകപ്പ് നേടുകയെന്നത് സ്വപ്‌നമാണെന്ന് ഗാഡിയോള പറയുന്നു. 
സമീപകാലത്ത് അത്ര ഫോമിലല്ല സിറ്റി. പ്രീമിയർ ലീഗിൽ തുടർച്ചയായി നാലു കളികളിൽ അവർക്ക് ജയിക്കാനായില്ല. എങ്കിലും ക്ലബ്ബ് ലോകകപ്പിൽ അവർ തന്നെയാണ് കിരീട സാധ്യതയിൽ മുന്നിൽ. 2012 ൽ ചെൽസിയെ ഫൈനലിൽ തോൽപിച്ച് കൊറിന്തിയൻസ് ചാമ്പ്യന്മാരായ ശേഷം ക്ലബ്ബ് ലോകകപ്പിൽ യൂറോപ്യൻ വാഴ്ചയാണ്. ഈ മാസം 23 ന് നടക്കുന്ന ഫൈനലിൽ ആര് ജയിച്ചാലും ട്രോഫിയിൽ പുതിയ പേരാവും എഴുതിച്ചേർക്കുക. അത് തങ്ങളുടേതായിരിക്കണമെന്ന് സിറ്റി ആഗ്രഹിക്കുന്നു. 
യൂറോപ്യൻ, ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർക്ക് സെമിഫൈനലിലേക്ക് നേരിട്ട് പ്രവേശനം നൽകുകയാണ് പതിവ്. മിക്കപ്പോഴും ഈ രണ്ട് മേഖലകളിലെ ചാമ്പ്യന്മാരാണ് ഫൈനലിൽ ഏറ്റുമുട്ടാറ്. എന്നാൽ സമീപകാലത്ത് സൗദി അറേബ്യയിലെ ടീമുകൾ ഈ അധികാര ശ്രേണി അട്ടിമറിക്കുന്നുണ്ട്. കഴിഞ്ഞ തവണ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീലിലെ ഫ്ലമംഗോയെ തോൽപിച്ച് കഴിഞ്ഞ ക്ലബ്ബ് ലോകകപ്പിൽ ഏഷ്യൻ ചാമ്പ്യന്മാരായ അൽഹിലാൽ ഫൈനലിലെത്തി. ഇത്തവണ ഏഷ്യൻ ചാമ്പ്യന്മാർ ജപ്പാനിലെ ഉറാവ റെഡ് ഡയമണ്ട്‌സാണ്. എന്നാൽ ആതിഥേയരുടെ പ്രതിനിധിയെന്ന നിലയിൽ അൽഇത്തിഹാദിന്റേത് ശക്തമായ നിരയാണ്. 
2027 ലെ ഏഷ്യൻ കപ്പും 2034 ലെ ലോകകപ്പും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. വിപുലീകരിക്കുന്ന ക്ലബ്ബ് ലോകകപ്പും സൗദിയിൽ വീണ്ടും വിരുന്നെത്തുമെന്നുറപ്പാണ്. 

Latest News