Sorry, you need to enable JavaScript to visit this website.

പുതുമകളോടെ ദാകാർ, പുതുവർഷാഘോഷത്തിന് യാമ്പൂ

സാഹസികതയുടെ അവസാന വാക്കാണ് ദാകാർ റാലി. അത് ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലമാണ്. കിലോമീറ്ററുകളോളം മുതൽ കിലോമീറ്ററുകളോളം നീളുന്ന മണൽപരപ്പ്, അടുത്ത വളവിലെന്ത് എന്നറിയാത്ത പാറക്കൂട്ടങ്ങൾ, പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന മണൽക്കൂനകൾ, ചതുപ്പുകൾ.. യാത്രയുടെ നീണ്ട മണിക്കൂറുകളിലെപ്പോഴെങ്കിലും ഒരു സെക്കന്റ് ഏകാഗ്രതയുലഞ്ഞാൽ അവസാനിക്കുന്നത് യാത്രയുടെ ഫിനിഷിംഗ് പോയന്റിലായിരിക്കില്ല, ജീവിതത്തിന്റെ ഫിനിഷിംഗ് പോയന്റിലായിരിക്കും. 15 ദിവസത്തോളം അസഹനീയമായ, മനുഷ്യവാസം അസാധ്യമായ മരുഭൂമിയിലൂടെ 8000 കിലോമീറ്റർ ദുരിതയാത്ര. സഹനശേഷിയുടെയും മനക്കരുത്തിന്റെയും കായിക ശേഷിയുടെയും പരീക്ഷണമാണ് അത്. മെഷീനുകൾക്കും മരുപരപ്പിനും മേൽ മനുഷ്യ മനസ്സിന്റെ വിജയമാണ് അത് തേടുന്നത്. മരണം ഈ വഴികളിൽ ഒളിഞ്ഞിരിപ്പുണ്ട്. 


പാരിസിൽ നിന്ന് ദാകാറിലേക്കാണ് ആദ്യം ഈ റാലി സംഘടിപ്പിച്ചിരുന്നത്. 2020 മുതൽ അത് മണൽക്കുന്നുകളിലൂടെയും പാറക്കൂട്ടങ്ങൾക്കിടയിലൂടെയും സഞ്ചരിച്ച്  സൗദി അറേബ്യൻ മരുഭൂമിയുടെ വശ്യസൗന്ദര്യം ലോകത്തിന് മുന്നിൽ തുറന്നുവെക്കുന്നു.
ദാകാർ റാലിയുടെ നാൽപത്താറാമത് എഡിഷൻ ജനുവരി അഞ്ചിന് പൗരാണിക നാഗരികതയുടെ മടിത്തട്ടായ അൽഉലയിൽ തുടങ്ങി ജനുവരി 19ന്  ചെങ്കടലിനെ തഴുകുന്ന യാമ്പൂവിന്റെ പച്ചപ്പിൽ അവസാനിക്കുകയാണ്. യാത്രാമാർഗങ്ങളിലും സാങ്കേതികവിദ്യയിലും ഒട്ടേറെ പുതുമുകളുള്ളതായിരിക്കും അടുത്ത വർഷത്തെ ദാകാർ റാലി. സൗദിയിലെ അഞ്ചാമത്തെ എഡിഷനാണ് ഇത്. റുബുഉൽ ഖാലി മരുഭൂമിയിലൂടെ ദുർഘടമായ പാതയാണ് ഡ്രൈവർമാർക്ക് തരണം ചെയ്യാനുള്ളത്. 
ഇത്തവണ ക്രോണോ എന്ന പേരിൽ രണ്ടു ദിവസത്തേക്ക് നീളുന്ന പുതിയൊരു ഘട്ടം കൂടി ഉണ്ടാവും. വൈകുന്നേരം നാലു മണിയാവുമ്പോൾ ഏറ്റവും അടുത്ത തമ്പിൽ അവർ യാത്ര അവസാനിപ്പിച്ചിരിക്കണം. പുലർച്ചെ ഏഴിന് മുമ്പ് അടുത്ത ഘട്ടം തുടങ്ങുകയും ചെയ്യണം. 
അൽഉലയിലെ മരുഭൂമി കൂടുതൽ ദൃശ്യമാവുന്ന വിധത്തിലാണ് ഇത്തവണ യാത്രാസംഘത്തിന് തമ്പൊരുക്കുന്നത്. മദാഇൻ സാലിഹിന്റെ പൗരാണിക ശിൽപകല ആസ്വദിക്കാൻ ഡ്രൈവർമാർക്കൊപ്പം ലോകമെങ്ങുമുള്ള കാഴ്ചക്കാർക്കും സാധിക്കും. ഇത്തവണത്തെ യാത്രാമാർഗത്തിൽ 60 ശതമാനവും പുതിയ വഴികളിലൂടെയാണ്. റിയാദിലായിരിക്കും വിശ്രമ ദിനം. അൽഉലയിൽ നിന്ന് തുടങ്ങുന്ന റാലി അൽഹിനാകിയ, ദവാദ്മി, അൽസലാമിയ, ഹുഫൂഫ്, ശുബൈത വഴി റിയാദിലെത്തും. ദവാദ്മി, ഹായിൽ, അൽഉല വഴി യാമ്പുവിൽ അവസാനിക്കും. 
ദാകാർ റാലി പോലെ തന്നെ വൈവിധ്യമായ കഴിവുകളുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടു വർഷത്തെ ഓവറോൾ ചാമ്പ്യൻ ഖത്തറിന്റെ നാസർ അൽഅതിയ്യ. അഞ്ചു തവണ ദാകാർ ചാമ്പ്യനായ അമ്പത്തിരണ്ടുകാരൻ ഒളിംപിക്‌സിൽ മെഡൽ നേടാൻ കഴിവുള്ള ഷൂട്ടറാണ്. 2012 ലെ ഒളിംപിക്‌സിൽ വെങ്കലം ലഭിച്ചിരുന്നു.
കാർ റാലികളിൽ ഏകാഗ്രത ലഭിക്കാനായി ഷൂട്ടിംഗ് അഭ്യസിച്ച നാസർ അൽഅതിയ്യ 2001 ലും 2006 ലും 2012 ലും ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യനായി. 2002 ലും 2010 ലും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. അത്യപൂർവ പ്രതിഭയാണ് ഈ ഖത്തറുകാരൻ. ഇക്കഴിഞ്ഞ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ നാസർ സ്‌കീറ്റിൽ വെങ്കലം നേടി. നാസർ ഉൾപ്പെട്ട ഖത്തർ ടീമിന് വെള്ളിയും ലഭിച്ചു. റാലികളുടെ തിരക്കിൽ ഷൂട്ടിംഗ് പരിശീലനത്തിന് സമയം കിട്ടാത്ത വ്യക്തിയാണ് അമ്പത് കടന്ന ഈ കായിക താരം. ഏഷ്യൻ ഗെയിംസിനായി ഒട്ടും പരിശീലനം നടത്തിയിരുന്നില്ല. കുതിരയോട്ടവും പവർബോട്ട് റെയ്‌സിംഗുമൊക്കെ നാസറിന്റെ ഹോബികളാണ്. 2013 ലെ ലോക പവർബോട്ട് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നു. 
ഷൂട്ടിംഗ് ലോകകപ്പുകളിൽ പങ്കെടുക്കാൻ നാസറിന് സമയം ലഭിക്കാറില്ല. ഒളിംപിക്‌സ് യോഗ്യത മത്സരങ്ങളിലേ പങ്കെടുക്കാറുള്ളൂ. 1996 മുതൽ എല്ലാ ഒളിംപിക്‌സിലും പങ്കെടുക്കുന്ന നാസറിന് ടോക്കിയൊ ഒളിംപിക്‌സ് നഷ്ടപ്പെട്ടു. അടുത്ത ദാകാർ റാലി കഴിഞ്ഞാൽ പാരിസ് ഒളിംപിക്‌സ് നാസറിനെ കാത്തിരിക്കുകയാണ്. ദാകാറിന്റെ സാഹസികത തേടുന്നത് ഇതുപോലുള്ള അതുല്യപ്രതിഭകളെയാണ്.  

Latest News