ഉപയോഗിച്ച കിടക്ക ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച എഞ്ചിനീയർക്ക് നഷ്ടം 68 ലക്ഷം രൂപ

ബംഗളൂരു- ഉപയോഗിച്ച കിടക്ക വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ 39കാരനായ എന്‍ജിനീയര്‍ക്ക് 68 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കര്‍ണാടകയില്‍ അടുത്തകാലത്തായി നടന്ന ഏറ്റവും വലിയ സൈബര്‍ തട്ടിപ്പാണിതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത്  അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവിലാണ് സംഭവം. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് യുവാവ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയത്.  കിടക്കയുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. 15000 രൂപയാണ് വിലയായി ആവശ്യപ്പെട്ടിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ് രോഹിത് മിശ്ര സ്വയം പരിചയപ്പെടുത്തിയത്.  ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് വഴി പണം കൈമാറാമെന്ന് രോഹിത് മിശ്ര പറഞ്ഞു. കുറച്ചു മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും വിളിച്ച് എന്‍ജിനീയറുടെ യുപിഐ ഐഡിയിലേക്ക് പണം അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു. യുപിഐ ഐഡി തിരിച്ചറിയാന്‍ അഞ്ചു രൂപ തന്റെ അക്കൗണ്ടിലേക്ക് അയക്കാമോ എന്ന് രോഹിത് ചോദിച്ചു. പകരം പത്തുരൂപ തിരികെ നല്‍കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് ആരംഭിച്ചതെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വീണ്ടും വിളിച്ച് പണം കൈമാറാന്‍ കഴിയുന്നില്ലെന്ന് രോഹിത് മിശ്ര പറഞ്ഞു. ഇത്തവണ അയ്യായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് അയക്കാമോ എന്നാണ് രോഹിത് ചോദിച്ചത്. പറഞ്ഞത് അനുസരിച്ച് തുക കൈമാറി. തിരിച്ച് ഇരട്ടി തുകയായ 10,000 രൂപ കൈമാറി വിശ്വാസം ഉറപ്പിച്ചു.  സമാനമായ രീതിയില്‍ 7500 രൂപ കൈമാറാമോ എന്ന് രോഹിത് ചോദിച്ചു. ഇതിന്റെ ഇരട്ടിയായി തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കി. പറഞ്ഞത് അനുസരിച്ച് എന്‍ജിനീയര്‍ 7500 കൈമാറി. ഇരട്ടിത്തുകയായ 15000 രൂപ ലഭിക്കേണ്ടതിന് പകരം 30,000 രൂപയാണ് രോഹിത് കൈമാറിയത്. അബദ്ധത്തില്‍ തുക കൂടിപ്പോയതാണെന്നും ശേഷിക്കുന്ന 15000 രൂപ തിരികെ ലഭിക്കുന്നതിന് അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒടിപി ഷെയര്‍ ചെയ്യാനും രോഹിത് മിശ്ര ആവശ്യപ്പെട്ടു.

പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതായാണ് എന്‍ജിനീയറുടെ പരാതിയില്‍ പറയുന്നത്. പണം മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാന്‍ ശ്രമിക്കുകയാണെന്നാണ് രോഹിത് ആദ്യം പറഞ്ഞത്. തുടക്കത്തില്‍ വ്യാപാരി ആയത് കൊണ്ട് ഓണ്‍ലൈന്‍ ഇടപാടുകളെ കുറിച്ച് അറിവ് കുറവായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പോകാന്‍ തുടങ്ങിയതോടെയാണ് തട്ടിപ്പില്‍ വീണ കാര്യം തിരിച്ചറിഞ്ഞതെന്ന് എഞ്ചിനീയറുടെ  പരാതിയില്‍ പറയുന്നു.

Latest News