സൗദിയും ഇറാനും മുന്നോട്ടുതന്നെ; ബെയ്ജിംഗ് കരാര്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം

ബെയ്ജിംഗ്-നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ ബെയ്ജിംഗില്‍ വെച്ച് മാര്‍ച്ച് പത്തിന് ഒപ്പുവെച്ച കരാര്‍ നടപ്പാക്കാനുള്ള പൂര്‍ണ പ്രതിജ്ഞാബദ്ധത സൗദി അറേബ്യയും ഇറാനും വ്യക്തമാക്കി. സൗദി, ഇറാന്‍, ചൈന സംയുക്ത ത്രികക്ഷി കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ബെയ്ജിംഗ് കരാര്‍ നടപ്പാക്കാനുള്ള പൂര്‍ണ പ്രതിബദ്ധത ഇരു രാജ്യങ്ങളും വ്യക്തമാക്കിയത്. ചൈനീസ് വിദേശ മന്ത്രി വാംഗ് യി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എന്‍ജിനീയര്‍ വലീദ് അല്‍ഖുറൈജിയുടെ നേതൃത്വത്തില്‍ സൗദി സംഘവും ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി അലി ബാഖരി കനിയുടെ നേതൃത്വത്തില്‍ ഇറാന്‍ സംഘവും പങ്കെടുത്തു.
റിയാദിലെയും തെഹ്‌റാനിലെയും സൗദി, ഇറാന്‍ എംബസികള്‍ വീണ്ടും തുറക്കല്‍, വിദേശ മന്ത്രിമാര്‍ നടത്തിയ പരസ്പര സന്ദര്‍ശനങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവ അടക്കം ബെയ്ജിംഗ് കരാര്‍ പശ്ചാത്തലത്തില്‍ ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ അനുകൂല ഫലങ്ങള്‍ യോഗം വിശകലനം ചെയ്തു. സൗദി, ഇറാന്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് സൃഷ്ടിപരമായ പങ്ക് വഹിക്കുന്നതും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളെയും പിന്തുണക്കുന്നതും തുടരുമെന്ന് വാംഗ് യി പറഞ്ഞു. സംയുക്ത കമ്മിറ്റിയുടെ അടുത്ത യോഗം ജൂണില്‍ സൗദിയില്‍ നടത്താന്‍ തീരുമാനമായി.

Latest News