കൊച്ചി- വീട്ടിനകത്തേക്ക് വെള്ളം കയറിയതിനെ തുടർന്ന് വലിയ പാത്രത്തിൽ കയറി രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടി മല്ലികാ സുകുമാരൻ. വീടിനകത്തേക്ക് പുറത്തുനിന്നുള്ള കനാൽ വഴി അപ്രതീക്ഷിതമായി വെള്ളം കയറിയതിനെ തുടർന്നാണ് പാത്രത്തിൽ കയറി കാറിലേക്ക് പോയതെന്നും മല്ലികാസുകുമാരൻ പറഞ്ഞു. വീട്ടിനകത്തെ ടാങ്കിലേക്ക് വെള്ളം കയറി ആ വെള്ളം വീട്ടിനകത്തേക്ക് കയറുകയായിരുന്നു. തുടർന്നാണ് വീടുവിട്ടത്. ഇന്ന് വെള്ളം ഇറങ്ങിയെന്നും പ്രശ്നമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ചെളി വെള്ളത്തിൽ നടക്കാൻ കഴിയാത്തത് കൊണ്ടാണ് വലിയ പാത്രത്തിൽ കയറിയതെന്നും അവർ വ്യക്തമാക്കി. ഇതിനിടെയാണ് ആരോ ഫോട്ടോ എടുത്തത്. സ്നേഹം കൊണ്ടാണ് ചെയ്തതെന്ന് അറിയാം. എങ്കിലും ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയെന്നും ഇത് ലംബോർഗിനി ഇന്റർവ്യൂ പോലെയായെന്നും മല്ലിക വ്യക്തമാക്കി.