കൊച്ചി- മധ്യവയസ്‌കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവതം പറയുന്ന ചിത്രമായ 'അച്ചുതന്റെ അവസാന ശ്വാസം'ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'ഈ വഴിയില്‍ പുലരി പൂക്കുന്നിതാ' എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കര്‍ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികള്‍ എഴുതിയ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് അഖില്‍ രാജ് ആണ്.
ചിത്രം ഡിസംബര്‍ 15ന് തിയേറ്റര്‍ റിലീസിന് എത്തും. എല്‍. എം. എ ഫിലിം പ്രൊഡക്ഷന്‍സ്, പ്രെസ്റ്റോ മൂവീസ്, പെര്‍ഫ്റ്റ് പിക്ച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ലീനു മേരി ആന്റണി നിര്‍മ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജന്‍ ബേക്കറി, അപ്പന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തില്‍ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വില്‍സന്‍, അനില്‍ കെ. ശിവറാം, കിരണ്‍, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. മില്ലേനിയം ഓഡിയോസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിച്ച് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതന്‍. ആഗോള കോവിഡ്-19 പാന്‍ഡെമിക് ആരംഭിക്കുന്നത് മുതല്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമവും തുടര്‍ന്ന് അച്ചുതന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സാബു പ്രെസ്റ്റോ, തരുണ്‍ കുമാര്‍ ബഫ്‌ന എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഡി. ഒ. പി: തരുണ്‍ സുധാകരന്‍, മ്യൂസിക് ആന്റ് ബി. ജി. എം: മിലന്‍ ജോണ്‍, എഡിറ്റര്‍: അശ്വിന്‍ നെരുവമ്പ്രം, പി. ആര്‍. ഓ: പി. ശിവപ്രസാദ്.






