അഭിനയിക്കാന്‍ മാത്രമല്ല, വേദിയൊരുക്കാനും അപര്‍ണക്കറിയാം... കാളിദാസന്റെ വിവാഹം കളറാക്കിയ നടി

ദേശീയ അവാര്‍ഡ് നേടിയ സിനിമ നടിയെന്ന നിലക്കാണ് അപര്‍ണ ബാലമുരളിയെ മലയാളി അറിയുന്നത്. എങ്കില്‍ അറിഞ്ഞോളൂ, നടി മാത്രമല്ല ഇപ്പോള്‍ അപര്‍ണ. ഒന്നാന്തരം ബിസിനസുകാരിയുമാണ്. ഇവന്റ് പ്ലാനിങ് കമ്പനിയായ എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് ആണ് അപര്‍ണയുടെ ബിസിനസ് സംരംഭം. ജയറാമിന്റെയും പാര്‍വ്വതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹ, നിശ്ചയ ആഘോഷങ്ങള്‍ക്കു വേദിയൊരുക്കിയത് അപര്‍ണയാണ്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ നേരത്തെ തന്നെ ഇവന്റ് മാനേജ്‌മെന്റ് തുടങ്ങുമായിരുന്നുവെന്ന് അപര്‍ണ പറഞ്ഞു.

'ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് കണ്ണന്‍ വിവാഹ നിശ്ചയത്തിന്റെ കാര്യം പറയുന്നത്. ഇവന്റ് മാനേജ്‌മെന്റ് ചെയ്യുന്ന നല്ല ആരെങ്കിലുമുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. വളരെ യാദൃശ്ചികമായാണ് അത് ഞാന്‍ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ അലങ്കാരം മാത്രമേ ചെയ്തിട്ടുള്ളൂ. ആദ്യത്തെ ഇവന്റ് ആയതിനാല്‍ തന്നെ ഓരോന്നിലും ശ്രദ്ധ ഉണ്ടായിരുന്നു. അന്നേ ദിവസം അവരണിഞ്ഞ വസ്ത്രത്തിനനുസരിച്ചാണ് ഡെക്കറേഷന്‍ എല്ലാം ചെയ്തത്. വസ്ത്രങ്ങളും, ലൊക്കേഷനുമെല്ലാം ചക്കിയും കണ്ണനുമാണ് തീരുമാനിച്ചത്. അതാണ് നല്ലതും. അവരാഗ്രഹിക്കുന്നപോലെ ആ ദിവസം ഒരുക്കി കൊടുക്കണം, അല്ലാതെ ഞങ്ങളുടെ ഇഷ്ടത്തിന് അവരെ നിര്‍ത്തുകയല്ലലോ വേണ്ടത്. ഒരു ഇവന്റ്, പ്ലാന്‍ ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏല്‍പ്പിക്കുന്ന ഓരോ ആഘോഷങ്ങളിലും വികാരവും സ്‌നേഹവും നെയ്‌തെടുക്കാനാണ് എലീസ്യന്‍ ഡ്രീംസ്‌കോപ്പ്‌സ് ശ്രമിക്കുന്നത്. രണ്ട് ആഘോഷങ്ങളുടെയും ഹൈലൈറ്റ് ഡിജെ പാര്‍ട്ടിയായിരുന്നു

കണ്ണന്റെ വിവാഹ നിശ്ചയത്തിന്റെ ഇവന്റ് പ്ലാനിംഗ് നന്നായതുകൊണ്ടാണ് ചക്കിയുടെയും വിവാഹ നിശ്ചയം ഞങ്ങളെ ഏല്‍പ്പിച്ചത്. കൂര്‍ഗില്‍ വളരെ ലളിതമായാണ് ചക്കിയുടെയും വിനീതിന്റേയും വിവാഹ നിശ്ചയം നടന്നത്. ചെന്നൈയില്‍ പ്രളയ സാഹചര്യമായതിനാല്‍ ചുരുക്കം പേരെ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. പാര്‍ട്ടിയുടെ ഫോട്ടോകള്‍ വൈകാതെ പുറത്ത് വരും. അപര്‍ണയും സുഹൃത്തുക്കളായ അല്‍ക്കയും മഹേഷ് രാജനും ചേര്‍ന്നാണ് കമ്പനിയ്ക്ക് നേതൃത്വം നല്‍കുന്നത്. ചെന്നൈയില്‍ നടന്ന നടന്‍ കാളിദാസിന്റെയും മോഡലായ താരിണിയുടെയും വിവാഹ നിശ്ചയത്തില്‍, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ ഗാനം ആലപിച്ചതും അപര്‍ണയായിരുന്നു.

 

Latest News