Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർലിമെന്റ് ആക്രമണം; പ്രതികൾ നൽകുന്നത് റെഡിമെയ്ഡ് മറുപടിയെന്ന് പോലീസ്

സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ന്യൂദൽഹി- കഴിഞ്ഞ ദിവസം ലോക്‌സഭയിലുണ്ടായ ആക്രമണത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ചയിൽ ദൽഹി പോലീസിലെ എട്ട് പേരെ സസ്‌പെൻഡ് ചെയ്തതായി ദൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പാർലമന്റ് സുരക്ഷക്കായി  ഡെപ്യൂട്ടേഷനിൽ നിയോഗിച്ചവരേയും സന്ദർശകരെയും മാധ്യമപ്രവർത്തകരെയും പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയവരേയുമാണ് സസ്‌പെന്റ് ചെയ്തത്. അതേസമയം, സംഭവത്തിൽ അറസ്റ്റിലായവർ  ഉത്തരവാദിത്തം ഏറ്റെടുത്തതായും അന്വേഷണ സംഘത്തിന്   വിഷയത്തിൽ ചില മറുപടികൾ നൽകിയതായും ദൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രതികൾ നൽക്കുന്ന ഉത്തരം പോലീസ് പിടിയിലാകുമ്പോൾ  എന്ത് മറുപടി നൽകണമെന്ന് നേരത്തെ തന്നെ തയ്യാറാക്കിയതുപോലെ തോന്നുന്നുണ്ടെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.  ചോദ്യം ചെയ്യലിനിടെ ലോക്‌സഭയിൽ നടന്ന സുരക്ഷാ വീഴ്ചയുടെ പൊതുവായ ഉത്തരവാദിത്തം എല്ലാ പ്രതികളും ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട സാഗർ ശർമ, ഡി മനോരഞ്ജൻ, നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പാർലിമെന്റ് സുരക്ഷാ ലംഘന കേസിൽ ഒളിവിലുള്ള ലളിത് ഝായാണ്  സംഭവത്തിന്റെ ഗൂഢാലോചനയുടെ സൂത്രധാനാണെന്ന് പോലീസ് സംശയിക്കുന്നത്. ലളിത് ഝായെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.  പാർലമെന്റിനുള്ളിൽ സുരക്ഷാ  ലംഘനം നടത്താനുള്ള തീയതി തീരുമാനിച്ചത് ലളിത് ഝായാണ്. സംഭവം നടത്തുന്നതിന് തൊട്ട് മുമ്പ്  ലളിത് ഝാ എല്ലാവരേയും ഗുരുഗ്രാമിൽ വിളിച്ചുവരുത്തി യോഗം വിളിച്ചിരുന്നു. സംഭവം നടന്നതിന് പിന്നാലെ ഇദ്ദേഹം നാല് പ്രതികളുടെയും ഫോണുകൾ കൈവശപ്പെടുത്തുകയും ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നും ഡൽഹി പോലീസ് പറഞ്ഞു. എല്ലാ പ്രതികളും ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ് എന്ന സാമൂഹിക മാധ്യമ പേജുമായി ബന്ധമുള്ളവരാണ്. ഒന്നര വർഷം മുമ്പ് മൈസൂരിൽ വെച്ചാണ് എല്ലാവരും ഒരുമിച്ച് കണ്ടുമുട്ടിയത്. ജൂലൈയിൽ ലഖ്‌നൗവിൽ നിന്ന് സാഗർ ശർമ ഡൽഹിയിൽ എത്തിയെങ്കിലും പാർലമെന്റ് കെട്ടിടത്തിനുള്ളിൽ കയറാനായില്ല. ഡിസംബർ 10ന് ഓരോരുത്തരായി അവരവരുടെ സംസ്ഥാനങ്ങളിൽ നിന്ന് ദൽഹിയിലെത്തി. ഇന്ത്യാ ഗേറ്റിന് സമീപം എല്ലാവരും ഒത്തുകൂടുകയും അവിടെ കൂടിനിന്നവർക്ക് നിറമുള്ള പടക്കങ്ങൾ വിതരണം ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ശിക്ഷാ നിയമത്തിലെയും യുഎപിഎയിലേയും ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Latest News