കേരളത്തിന്റെ കണ്ണീര്‍മഴ തോര്‍ന്നിട്ടേ  ലാലിന്റെ പടം റിലീസ് ചെയ്യൂ 

കേരളത്തെ പിടിച്ചുലച്ച് പ്രളയം ദുരിതം വിതയ്ക്കുമ്പോള്‍ കേരളത്തിനു വേണ്ടി ഏവരും കൈകോര്‍ത്ത് രംഗത്തിറങ്ങിയിരിക്കുകയാണ്. ഓണം മുന്നിലെത്തിയപ്പോഴുണ്ടായ ഈ ദുരിതത്തില്‍ ആഘോഷങ്ങള്‍ക്കെല്ലാം വിട പറഞ്ഞ് എല്ലാവരും ഒരുമിക്കുമ്പോള്‍ ഓണക്കാലം ലക്ഷ്യമിട്ട് ഇറങ്ങാനിരുന്ന സിനിമകളും റിലീസ് മാറ്റിയിരിക്കുകയാണ്. ഒപ്പം തന്റെ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിങ് മാറ്റിവെച്ചതായി മോഹന്‍ലാലറിയിച്ചു.
കേരളത്തിന്റെ കണ്ണീര്‍മഴ തോരട്ടെ, പുലരി പിറക്കട്ടെ. അന്നേ ഡ്രാമാ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂ' എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാല്‍ അറിയിച്ചു. ചിത്രം ഓണം റിലീസിനില്ലെന്നും. കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാവട്ടെ എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നുള്ളൂ. റിലീസ് തീയതി പിന്നീടേ അറിയിക്കൂ, രഞ്ജിത് പറഞ്ഞു. 
ലോഹം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ആശാ ശരത്, കനിഹ എന്നിവരാണ് നായികമാര്‍. ദിലീഷ് പോത്തന്‍, ടിനി ടോം, സുരേഷ് കൃഷ്ണ, ശ്യാമപ്രസാദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

Latest News