കേരളത്തിലെ പല മുനിസിപ്പല്‍ നഗരങ്ങളെയും പ്രളയം കാര്യമായി ബാധിച്ചു. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍ എന്നീ നഗരങ്ങളുള്‍പ്പെടെ പട്ടിക നീളുകയാണ്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളെ സാരമായി ബാധിച്ചു. മറ്റു പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. തെരുവുകള്‍ പ്രളയ ജലത്തില്‍ മുങ്ങുമ്പോള്‍ റോഡരികിലെ ബാങ്ക് എടിഎമ്മുകളുടെ സ്ഥിതി എന്താവുമെന്നാണ് പ്രവാസികളുടെ ഉല്‍ക്കണ്ഠ. നാട്ടിലെ കുടുംബാംഗങ്ങള്‍ പണം പിന്‍വലിക്കാന്‍ പോലുമാവതെ പ്രയാസപ്പെടും. ഇതിന് പുറമേയാണ് നാട്ടിലെ ബാങ്കുകളുടെ ഓണ്‍ലൈന്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചത്. റെയില്‍, റോഡ് ഗതാഗതം താറുമാറായ വ്യാഴാഴ്ച ദിവസം നാട്ടിലെ മക്കള്‍ക്ക് ഓണ്‍ലൈനില്‍ പണം അയച്ചു കൊടുക്കാനാവാതെയും ചില പ്രവാസികള്‍ പ്രയാസപ്പെട്ടു.
വടക്കന്‍ കേരളത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ തലശ്ശേരിയില്‍ അവസാനിച്ചപ്പോള്‍ തുടര്‍യാത്രയ്ക്ക് പണമില്ലാതെ പ്രയാസപ്പെട്ട വിദ്യാര്‍ഥികളുണ്ട്. അതേ പോലെ എം.സി റോഡില്‍ ഗതാഗതം നിലച്ചതും ആലുവയ്ക്കും ചാലക്കുടിയ്ക്കുമിടയില്‍ റെയില്‍ ഗതാഗതം മുടങ്ങിയതും നാട്ടിലെ ബന്ധുക്കള്‍ക്ക് ഏറെ ദുരിതം സൃഷ്ടിച്ചു.