രഞ്ജിതുമായി ഉടക്കി, കെ.എസ്.എഫ്.ഡി.സിയില്‍നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവെച്ചു

തിരുവനന്തപുരം- സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗത്വം സംവിധായകന്‍ ഡോ. ബിജു രാജിവെച്ചു. തൊഴില്‍പരമായ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്ന് ഡോ. ബിജു അറിയിച്ചു. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബിജുവിനെ രഞ്ജിത് രൂക്ഷമായി പരിഹസിച്ചിരുന്നു. തിയേറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടര്‍ ബിജുവിനെല്ലാം എന്ത് റെലവന്‍സ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശങ്ങള്‍.
ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ ഫെയ്‌സ്ബുക്കിലൂടെ ഡോ. ബിജു തിരിച്ചടിച്ചു. തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ താന്‍ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറഞ്ഞത്.
വിവാദം സോഷ്യല്‍ മീഡിയയിലും ആളിക്കത്തി. നിരവധി പേര്‍ ബിജുവിനെ പിന്തുണച്ചു രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കെ.എസ്.എഫ്.ഡി.സിയില്‍നിന്നുള്ള രാജി.

 

Latest News