ഒമാന്റെ ഗ്യാസ് വരുമാനം 43 ശതമാനം കുറഞ്ഞു

ജിദ്ദ - ഈ വർഷം ജനുവരി മുതൽ ഒക്‌ടോബർ അവസാനം വരെയുള്ള പത്തു മാസക്കാലത്ത് ഒമാന്റെ ഗ്യാസ് മേഖലാ വരുമാനം 43 ശതമാനം തോതിൽ കുറഞ്ഞ് 173.4 കോടി ഒമാനി റിയാലായി മാറിയതായി ഒമാൻ ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ ഗ്യാസ് മേഖലാ വരുമാനം 305.1 കോടി റിയാലായിരുന്നു. ഇന്റഗ്രേറ്റഡ് ഗ്യാസ് കമ്പനിയുടെ സാമ്പത്തിക സംവിധാനത്തിന് അനുസൃതമായി ഗ്യാസ് വരുമാനം ഈടാക്കുന്ന രീതിശാസ്ത്രം മാറ്റിയതാണ് ഗ്യാസ് വരുമാനം കുറയാൻ കാരണമെന്ന് ധനമന്ത്രാലയം പറഞ്ഞു. 
ഈ വർഷം ആദ്യത്തെ പത്തു മാസക്കാലത്ത് ഒമാന്റെ പൊതുവരുമാനം 980 കോടി റിയാൽ (2,540 കോടി ഡോളർ) ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൈവരിച്ച വരുമാനത്തെ അപേക്ഷിച്ച് 17 ശതമാനം കുറവാണിത്. എണ്ണ വരുമാനം 12 ശതമാനം തോതിൽ കുറഞ്ഞ് 544.6 കോടി റിയാലായി. പത്തു മാസത്തിനിടെ ഒമാൻ ഉൽപാദിപ്പിച്ച എണ്ണക്ക് ബാരലിന് ശരാശരി 81 ഡോളർ വിലയാണ് ലഭിച്ചത്. ഇക്കാലയളവിൽ ശരാശരി പ്രതിദിന ഉൽപാദനം 10,53,000 ബാരലായിരുന്നു. പത്തു മാസക്കാലത്ത് കറണ്ട് വരുമാനം 260.8 കോടി റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 259.4 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം കറണ്ട് വരുമാനത്തിൽ 1.4 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. 
പത്തു മാസക്കാലത്ത് പൊതുധനവിനിയോഗം 897 കോടി റിയാലാണ്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം പൊതുധനവിനിയോഗം 16 ശതമാനം തോതിൽ കുറഞ്ഞു. പൊതുധനവിനിയോഗത്തിൽ 168.4 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മറ്റു ചെലവുകൾ 21 ശതമാനം തോതിൽ കുറഞ്ഞ് 120 കോടി റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മറ്റു ചെലവുകൾ 150 കോടി റിയാലായിരുന്നു. പത്തു മാസത്തിനിടെ വൈദ്യുതി സബ്‌സിഡി ഇനത്തിൽ 40.8 കോടി റിയാലും ഇന്ധന സബ്‌സിഡി ഇനത്തിൽ 23.6 കോടി റിയാലും ചെലവഴിച്ചു. പൊതുകടം അടക്കാൻ 33.3 കോടി റിയാൽ നീക്കിവെച്ചു. പത്തു മാസത്തിനിടെ 83 കോടി റിയാൽ ബജറ്റ് മിച്ചം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബജറ്റ് മിച്ചം 120 കോടി റിയാലായിരുന്നെന്നും ധനമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക പ്രകടന റിപ്പോർട്ട് പറഞ്ഞു. 
 

Latest News