ബസുകളില്‍ പോകാം; ജിദ്ദയില്‍ ക്ലബ് ലോകകപ്പ് കാണാന്‍ ഷട്ടില്‍ സര്‍വീസുകള്‍

ജിദ്ദ - നാളെ മുതല്‍  22 വരെ ജിദ്ദയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കാണാന്‍ പോകുന്നവര്‍ക്കായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പ്രത്യേക ഷട്ടില്‍ സര്‍വീസുകള്‍ നടത്തും. ഇതിന്റെ ഭാഗമായി അല്‍നഹ്ദ ഡിസ്ട്രിക്ടില്‍ മൈദാസ് ഫര്‍ണിച്ചറിന് വടക്കും ദക്ഷിണ ജിദ്ദയില്‍ ഹൈഫാ മാളിനു സമീപവുമായി രണ്ടു സ്റ്റോപ്പുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് അല്‍ജൗഹറ സ്റ്റേഡിയത്തിലേക്കും പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തിലേക്കും വൈകീട്ട് നാലു മുതല്‍ ഷട്ടില്‍ സര്‍വീസുകള്‍ നടത്തും. മത്സര സമയത്തിനനുസരിച്ച് 15, 22 തീയതികളില്‍ ഷട്ടില്‍ സര്‍വീസ് സമയത്തില്‍ മാറ്റങ്ങളുണ്ടാകും.
ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ബസ് സര്‍വീസ് നെറ്റ്‌വര്‍ക്കുകളില്‍ 46 ബസ് സ്റ്റേഷനുകള്‍ ജിദ്ദ നഗരസഭക്കു കീഴിലെ ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉദ്ഘാടനം ചെയ്തു. നിലവില്‍ ആകെ 131.5 കിലോമീറ്റര്‍ നീളത്തില്‍ ആറു റൂട്ടുകളിലാണ് ബസ് സര്‍വീസുകളുള്ളത്. എയര്‍കണ്ടീഷന്‍ഡ് ബസ് സ്റ്റോപ്പുകളില്‍ സ്റ്റേഷന്റെ പേരും ബസ് റൂട്ടും വ്യക്തമാക്കുന്ന ബോര്‍ഡുകളും ഗതാഗത മുന്നറിയിപ്പ് സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകളും അടങ്ങിയിരിക്കുന്നു. ജിദ്ദയുടെ നഗരസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന ബസ് സ്റ്റേഷനുകള്‍ കാലാവസ്ഥയോടും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന നിലയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സുസ്ഥിരതയും പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള എളുപ്പവും ഇതിന്റെ രൂപകല്‍പനയുടെ സവിശേഷതകളാണ്. ആവശ്യാനുസരണം ഭാവിയില്‍ വികസിപ്പിക്കാമെന്നതും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാമെന്നതുമാണ് മറ്റ് പ്രത്യേകതകള്‍.
അഞ്ചു വര്‍ഷത്തിനിടെ ജിദ്ദ ബസ് സര്‍വീസ് രണ്ടു കോടിയിലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി സി.ഇ.ഒ ഡോ. ഉസാമ അബ്ദു പറഞ്ഞു. 76 ബസുകളാണ് ജിദ്ദയില്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. ബസ് റൂട്ട് ശംൃഖലയില്‍ നിലവില്‍ 58 ബസ് സ്റ്റേഷനുകളാണുള്ളത്.


 

 

Latest News