ജിദ്ദ - ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ബസ് സർവീസ് നെറ്റ്വർക്കുകളിൽ 46 ബസ് സ്റ്റേഷനുകൾ ജിദ്ദ നഗരസഭക്കു കീഴിലെ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി ഉദ്ഘാടനം ചെയ്തു. നിലവിൽ ആകെ 131.5 കിലോമീറ്റർ നീളത്തിൽ ആറു റൂട്ടുകളിലാണ് ബസ് സർവീസുകളുള്ളത്. എയർകണ്ടീഷൻഡ് ബസ് സ്റ്റേഷനുകളിൽ സ്റ്റേഷന്റെ പേരും ബസ് റൂട്ടും വ്യക്തമാക്കുന്ന ബോർഡുകളും ഗതാഗത മുന്നറിയിപ്പ് സന്ദേശങ്ങൾ രേഖപ്പെടുത്തിയ ബോർഡുകളും അടങ്ങിയിരിക്കുന്നു. ജിദ്ദയുടെ നഗരസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന ബസ് സ്റ്റേഷനുകൾ കാലാവസ്ഥയോടും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന നിലയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. സുസ്ഥിരതയും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള എളുപ്പവും ഇതിന്റെ രൂപകൽപനയുടെ സവിശേഷതകളാണ്. ആവശ്യാനുസരണം ഭാവിയിൽ വികസിപ്പിക്കാമെന്നതും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാമെന്നതും സ്റ്റേഷനുകളുടെ പ്രത്യേകതകളാണ്.
അഞ്ചു വർഷത്തിനിടെ ജിദ്ദ ബസ് സർവീസ് രണ്ടു കോടിയിലേറെ യാത്രക്കാർ പ്രയോജനപ്പെടുത്തിയതായി ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സി.ഇ.ഒ ഡോ. ഉസാമ അബ്ദു പറഞ്ഞു. 76 ബസുകളാണ് ജിദ്ദയിൽ സർവീസിന് ഉപയോഗിക്കുന്നത്. ബസ് റൂട്ട് ശംൃഖലയിൽ നിലവിൽ 58 ബസ് സ്റ്റേഷനുകളാണുള്ളത്. ഇന്നു മുതൽ അടുത്ത 22-ാം തീയതി വരെ ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഫുട്ബോൾ പ്രേമികൾക്കായി അൽനഹ്ദ ഡിസ്ട്രിക്ടിൽ മൈദാസ് ഫർണിച്ചറിന് വടക്കും ദക്ഷിണ ജിദ്ദയിൽ ഹൈഫാ മാളിനു സമീപവുമായി രണ്ടു സ്റ്റോപ്പുകൾ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി നീക്കിവെച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് അൽജൗഹറ സ്റ്റേഡിയത്തിലേക്കും പ്രിൻസ് അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിലേക്കും വൈകീട്ട് നാലു മുതൽ ഷട്ടിൽ സർവീസുകൾ നടത്തും. മത്സര സമയത്തിനനുസരിച്ച് 15, 22 തീയതികളിൽ ഷട്ടിൽ സർവീസ് സമയത്തിൽ മാറ്റങ്ങളുണ്ടാകും.