ഗാസ- ഖാന്‍ യൂനിസിലെ പ്രധാന ആശുപത്രിയായ നാസര്‍ ആശുപത്രി ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്. ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ തറയില്‍പോലും സ്ഥലമില്ല. മുറിവേറ്റവരെ പുതപ്പുകളിലും പരവതാനികളിലും പൊതിഞ്ഞ് കൊണ്ടുപോകുകയാണ് ആളുകള്‍.
ഖാന്‍ യൂനിസിലെ ഭൂഗര്‍ഭ ടണല്‍ ഷാഫ്റ്റുകളില്‍ ബോംബെറിഞ്ഞതായും പതിയിരുന്ന് ആക്രമിക്കുന്ന ഫലസ്തീന്‍ തോക്കുധാരികളുടെ സംഘത്തെ ആക്രമിച്ചതായും ഇസ്രായില്‍ സൈന്യം പറഞ്ഞു. എന്നാല്‍ ടാങ്ക് മുന്നേറ്റത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
വടക്കന്‍ ഗാസ കേന്ദ്രീകരിച്ചുള്ള ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍, ഖാന്‍ യൂനിസിലും തെക്കന്‍ ഗാസയിലെ മറ്റിടങ്ങളിലും ഇസ്രായില്‍ ഈയാഴ്ചയാണ് കരയാക്രമണം ആരംഭിച്ചത്. ഗാസ മുനമ്പ് മുഴുവന്‍ ഇപ്പോള്‍ പോരാട്ടം നടക്കുന്നതിനാല്‍, 23 ദശലക്ഷം ആളുകള്‍ക്ക് ഒളിക്കാന്‍ ഒരിടവുമില്ലെന്ന് അന്താരാഷ്ട്ര സഹായ സംഘടനകള്‍ പറയുന്നു.
കരളലിയിക്കുന്ന ദൃശ്യങ്ങളാണ് എവിടെയും. ഒറ്റരാത്രികൊണ്ട് ബോംബാക്രമണത്തില്‍ തകര്‍ന്ന ഖാന്‍ യൂനിസിലെ ഒരു വീടിരുന്ന സ്ഥലത്ത്, മരിച്ചവരുടെ ബന്ധുക്കള്‍ അവശിഷ്ടങ്ങള്‍ ചികയുകയായിരുന്നു. മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച ഒരു മധ്യവയസ്‌കന്റെ മൃതദേഹം അവര്‍ അടിയില്‍ നിന്ന് വലിച്ചെടുത്തു.
'ഞങ്ങള്‍ രാത്രി പ്രാര്‍ഥന നടത്തി ഉറങ്ങാന്‍ പോയതാണ്. മുകളിലുള്ള മൂന്ന് നിലകള്‍ തകര്‍ന്നു, ആളുകള്‍ അതിനടിയിലാണ്- മുഹമ്മദ് അബ്ദുല്‍ വഹാബ് എന്നയാള്‍ പറഞ്ഞു. എന്റെ അമ്മയും അച്ഛനും, സഹോദരിയും സഹോദരനും പോയി.