കാമ്പസുകളില്‍ ജൂതന്മാര്‍ക്കെതിരെ രോഷം; വിമര്‍ശനം നേരിട്ട ലിസ് മാഗില്‍ രാജിവെച്ചു

പെന്‍സില്‍വാനിയ- ഫലസ്തീനില്‍ ഇസ്രായില്‍ തുടരുന്ന ക്രൂരത കാരണം അമേരിക്കയില്‍ ശക്തിപ്പെട്ട യഹൂദ വിരുദ്ധതയുടെ പേരില്‍ ഒരു സര്‍വകലാശാല അധ്യക്ഷ കൂടി രാജിവെച്ചു. ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ചലച്ചിത്ര, അക്കാദമിക് ലോകത്തെ നിരവധി പേരെ ഫലസ്തീനികളെ അനുകൂലിച്ചതിന്റെ പേരില്‍ ഇസ്രായില്‍ ലോബി പുകച്ചു പുറത്തുചാടിച്ചിട്ടുണ്ട്.  
ആയിരങ്ങളെ ഇസ്രായില്‍ ക്രൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍  അമേരിക്കയിലും മറ്റു രാജ്യങ്ങളിലും യഹൂദവിരുദ്ധത പടര്‍ന്നിരിക്കയാണ്. കാമ്പസിലെ യഹൂദവിരുദ്ധതയെക്കുറിച്ചുള്ള തന്റെ നിലപാടിന്റെ പേരില്‍ വിമര്‍ശനത്തിന് വിധേയയായ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലിസ് മഗില്‍ രാജി വെച്ചതായി ഐവി ലീഗ് സ്‌കൂള്‍ അറിയിച്ചു.
ഒക്ടോബറില്‍ ഇസ്രായില്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കോളേജ് കാമ്പസുകളില്‍ യഹൂദ വിരുദ്ധത വര്‍ധിച്ചിരിക്കെ, ചൊവ്വാഴ്ച നടന്ന കോണ്‍ഗ്രസ് ഹിയറിംഗില്‍ വിമര്‍ശിക്കപ്പെട്ട മൂന്ന് മികച്ച സര്‍വകലാശാലാ പ്രസിഡന്റുമാരില്‍ ഒരാളാണ് മഗില്‍.
ഇടക്കാല പ്രസിഡന്റിനെ നിയമിക്കുന്നതുവരെ തുടരാന്‍ അവര്‍ സമ്മതിച്ചതായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ സ്‌കോട്ട് ബോക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റ് ലിസ് മഗില്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ പ്രസിഡന്റ് സ്ഥാനം സ്വമേധയാ രാജിവച്ചതായി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ ബോക്ക് പറഞ്ഞു. സര്‍വകലാശാലയുടെ ലോ സ്‌കൂളില്‍ ഫാക്കല്‍റ്റി അംഗമായി മഗില്‍ തുടരുമെന്നും ബോക്ക് പറഞ്ഞു.
മഗില്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ക്ലോഡിന്‍ ഗേ, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രസിഡന്റ് സാലി കോര്‍ണ്‍ബ്ലൂത്ത് എന്നിവര്‍ ചൊവ്വാഴ്ച യു.എസ് ജനപ്രതിനിധി സമിതിക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ പ്രത്യേകിച്ചും മഗിലിന്റെയും ക്ലോഡിന്‍ ഗേയുടെയും രാജിക്കായുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു.
അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന വാദമാണ് ഇവര്‍ കോണ്‍ഗ്രസ് മുമ്പാകെ ഉന്നയിച്ചത്. ജൂതന്മാരെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നത് അവരുടെ സ്ഥാപനങ്ങളുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതല്ലേ  എന്ന റിപ്പബ്ലിക്കന്‍ പ്രതിനിധി എലീസ് സ്‌റ്റെഫാനിക്കിന്റെ ചോദ്യത്തിന് അതെ അല്ലെങ്കില്‍ അല്ല എന്ന കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. ഭീഷണിപ്പെടുത്തലും ഉപദ്രവവും എന്ന ഗണത്തിലായതിനാല്‍ പെരുമാറ്റച്ചട്ടങ്ങള്‍ വിരുദ്ധമാവില്ലേ എന്നായിരുന്നു ചോദ്യം.
യൂണിവേഴ്‌സിറ്റികളും സ്‌കൂളുകളും യഹൂദവിരുദ്ധതയെ എതിര്‍ക്കുന്നില്ലെന്നും സഹിഷ്ണുയോടെ കാണുവെന്നുമാണ് യഹൂദ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ആരോപിക്കുന്നത്. ഒക്‌ടോബര്‍ 7 ന് ഹമാസ്  ഇസ്രായില്‍ നടത്തിയ ആക്രമണത്തിനും ഇസ്രായിലിന്റെ പ്രതികാരത്തിനുശേഷം  ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ യഹൂദ വിരുദ്ധത വളര്‍ത്തുന്നുവെന്നാണ് ജൂത വിദ്യാര്‍ഥികളുടെ പരാതി.  
ഖേദം പ്രകടിപ്പിച്ചുകൊണ്ട് മഗില്‍ ബുധനാഴ്ച ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ക്ലോഡിന്‍ ഗേ വെള്ളിയാഴ്ച ക്ഷമാപണവും നടത്തി.
മഗിലിന്റെ രാജി ആവശ്യമായതില്‍ ഏറ്റവും കുറഞ്ഞതാണെന്നാണ് റിപ്പബ്ലിക്കന്‍ പ്രതിനിധി എലീസ് സ്‌റ്റെഫാനിക്ക് സോഷ്യല്‍ മീഡിയ സൈറ്റായ എക്‌സില്‍ പ്രതികരിച്ചത്. ഹാര്‍വാര്‍ഡും എംഐടിയും സമാനമായ നടപടിയെടുക്കാന്‍ സ്റ്റെഫാനിക് അഭ്യര്‍ത്ഥിച്ചു.
അതിനിടെ, ഫലസ്തീനി തൊഴിലാളികളെ ഇസ്രായിലിലേക്ക് മടങ്ങി വരാന്‍ അനുവദിക്കരുതെന്ന് സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിനെ ഉദ്ധരിച്ച് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കില്‍നിന്ന് ഫലസ്തീനികളെ മടങ്ങിവരാന്‍ അനുവദിച്ചാല്‍ ഒക്ടോബര്‍ ഏഴിലെ സംഭവത്തില്‍നിന്ന് നമ്മള്‍ ഒന്നും പഠിച്ചില്ലെന്നതാണ് അതിന് അര്‍ഥമെന്ന് ബെന്‍ഗ്വിര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കില്‍നിന്ന് 5000 ഫലസ്തീനികളെ മാത്രമാണ് മടങ്ങിവരാന്‍ അനുവദിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഒരു ലക്ഷം ഫലസ്താനികള്‍ക്ക് ഇസ്രായിലില്‍ ജോലി ചെയ്യാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.  

 

 

Latest News