ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച യു.എസ് പൗരനെതിരെ മുംബൈയില്‍ കേസ്

നവി മുംബൈ-ഹോട്ടലില്‍ ഹൗസ് കീപ്പിംഗ് ജോലി ചെയ്യുന്ന വനിതയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 26 കാരനായ യു.എസ് പൗരനെതിരെ പോലീസ് കേസെടുത്തു. നവി മുംബൈയില്‍ തുര്‍ഭെ ഏരിയയിലെ ഹോട്ടലിലാണ് സംഭവം.
23 കാരിയായ യുവതി ഹോട്ടലിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് ടര്‍ബെ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇരയായ യുവതി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് യുഎസിലെ പെന്‍സില്‍വാനിയ സ്വദേശിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്് ഷന്‍ 354 എ (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
നവിമുംബൈയില്‍തന്നെ ബിയര്‍ കുപ്പികൊണ്ട് കോളേജ് വിദ്യാര്‍ഥിനിയുടെ തലയില്‍ അടിച്ച യാചകനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ ബിയര്‍ കുപ്പി കൊണ്ട് കോളേജ് വിദ്യാര്‍ത്ഥിനിയുടെ തലയില്‍ അടിക്കുകയായിരുന്നു. 21 കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. 26 കാരനായ ഇമാം ഹസന്‍ ഷംഷുദ്ദീനാണ് അറസ്റ്റിലായത്.
നവി മുംബൈയിലെ ഐറോളി സ്വദേശിനിയായ യുവതി സുഹൃത്തിനൊപ്പം നെരൂളിലെ കോളേജില്‍ എത്തിയതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ  ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ യാചകന്‍ സംഭവസ്ഥലത്തെത്തി യാതൊരു പ്രകോപനവുമില്ലാതെ ഒഴിഞ്ഞ ബിയര്‍ കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് നെരൂള്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ താനാജി ഭഗത് പറഞ്ഞു.

 

Latest News