ചെന്നൈ- തെന്നിന്ത്യന്‍ നടി തൃഷയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ വിവാദങ്ങള്‍ നേരിട്ടിരുന്ന നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ടക്കേസുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച തൃഷ, നടി ഖുശ്ബു, നടന്‍ ചിരഞ്ജീവി തുടങ്ങിയവര്‍ക്കെതിരെയാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെടുന്നുണ്ട്. തമാശയായി പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും വീഡിയോ പൂര്‍ണമായി കാണാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നും മന്‍സൂറിന്റെ ഹര്‍ജിയില്‍ പറയുന്നു. വിവാദത്തില്‍ തൃഷയോട് മന്‍സൂര്‍ മാപ്പ് പറഞ്ഞിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയും തൃഷയും അഭിനയിച്ച ലിയോ സിനിമയെക്കുറിച്ചുള്ള മന്‍സൂറിന്റെ പരാമര്‍ശമാണ് വിവാദമായത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു പരാമര്‍ശം. വിഷയത്തില്‍ മന്‍സൂര്‍ അലി ഖാനൊപ്പം അഭിനയിക്കാന്‍ സാധിക്കാതിരുന്നത് നന്നായെന്നും ഇനിയൊരിക്കലും അത് സംഭവിക്കാതെ നോക്കുമെന്നും തൃഷ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ സ്വമേധയാ ഇടപ്പെട്ട ദേശീയ വനിതാ കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പോലീസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.