ലണ്ടന്‍- ബ്രിട്ടനില്‍ പാര്‍ലമെന്റ് ഹൗസിനു പുറത്ത് ആള്‍ക്കൂട്ടത്തിനു നേരെ വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ ഭീകരാക്രമണം സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്തയാളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. സാലിഹ് ഖാദര്‍ എന്നയാളാണ് അറസ്റ്റിലായത്. 29 വയസ്സായ ഇയാള്‍ ബ്രിട്ടീഷ് പൗരനും സുഡാന് വംശജനുമാണ്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്ന് പോലീസ് പറഞ്ഞു. സുഡാനില്‍നിന്ന് അഭയാര്‍ഥിയായി എത്തിയ ഇയാള്‍ പിന്നീട് പൗരത്വം നേടുകയായിരുന്നു. സാലിഹ് ഖാദറിന് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നും തീവ്ര ആശയങ്ങളൊന്നുമില്ലാത്ത സാധാരണ വ്യക്തിയാണെന്നും സഹോദരന് അബ്ദുല്ല ഖാദര്‍ പറഞ്ഞു. സുഡാനിലെ ദാര്ഫൂറില്നിന്നുള്ള ഇവരുടെ കുടുംബം സംഭവത്തെ തുടര്‍ന്നുള്ള ഞെട്ടലിലാണ്.
ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയത്ത് കാര്‍ കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നേരെയാണ് വാഹനം ഇടിച്ചു കയറ്റിയത്. പരിക്കേറ്റവരില്‍ ഒരു പുരുഷനേയും സ്ത്രീയേയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരാള്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു.
അറസ്റ്റിലായ യുവാവിനെ കുറിച്ച് ഭീകരവിരുദ്ധ പോലീസില്‍ ഇതുവരെ കേസില്ല. എന്നാല്‍ പ്രാദേശിക പോലീസില്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അറസ്റ്റിനുശേഷം ഇയാള്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമണത്തിനു പിന്നിലെന്തായിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.