ദുബായ്- വെള്ളിയാഴ്ച പ്രഭാഷണത്തില്‍ യു.എ.ഇയിലുടനീളമുള്ള പള്ളികളില്‍ ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ മതപാഠങ്ങള്‍ മുഴങ്ങി. വിശുദ്ധ ഖുര്‍ആനിലും മുഹമ്മദ് നബി (സ) യുടെ ജീവിതത്തിലും വിശദമാക്കിയിട്ടുള്ള സുസ്ഥിര ജീവിതത്തെക്കുറിച്ചും ഭൗമവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നത്തെ ജുമുഅ ഖുതുബ.
കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് കോപ്28 ന് യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലാണ് മിമ്പറുകളില്‍ പരിസ്ഥിതി സംരക്ഷണ ആഹ്വാനം മുഴങ്ങിയത്. ഭൂമിയെ സംരക്ഷിക്കാന്‍ അല്ലാഹു മനുഷ്യരെ ഭരമേല്പിച്ചിരിക്കുന്നതായും അതിന്റെ വിഭവങ്ങള്‍ക്ക് ദോഷം വരുത്തരുതെന്നും ഇമാമുമാര്‍ പറഞ്ഞു.
'ഭൂമിയെ സംരക്ഷിക്കുകയും അതിന്റെ വിഭവങ്ങളും കഴിവുകളും നിലനിര്‍ത്തുകയും ചെയ്യുന്നത് സുരക്ഷിതത്വവും സമാധാനവും കൈവരിക്കാന്‍ സഹായിക്കും- ദുബായ് പള്ളിയിലെ ഒരു പ്രഭാഷകന്‍ പറഞ്ഞു. ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ സുസ്ഥിര വികസനത്തിനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കാലാവസ്ഥാ സന്തുലിതാവസ്ഥ കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പുനരുപയോഗ ഊര്‍ജത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുവഴി ഭൂമിയുടെ പുരോഗതിയും അഭിവൃദ്ധിയും സുസ്ഥിരതയും വര്‍ധിക്കുന്നു. പരിസ്ഥിതി വിഭവങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നമ്മുടെ സര്‍ക്കാര്‍ ആഗോളവും പ്രാദേശികവുമായ ശ്രമങ്ങള്‍ നടത്തുന്നു. നമുക്ക് ആരോഗ്യകരമായ അന്തരീക്ഷം ആസ്വദിക്കുന്നതിന് അത് ഇടവരുത്തുന്നതായും അദ്ദേഹം പറഞ്ഞു.