Sorry, you need to enable JavaScript to visit this website.

ലോകത്തെ ജിദ്ദയിലെത്തിച്ചു, ഒരുമിച്ച് ആഘോഷിച്ചു- ജുമാന അല്‍ റാശിദ്

ജിദ്ദ- കഴിഞ്ഞ എട്ടു ദിവസമായി ലോകത്തെ ജിദ്ദയിലെത്തിച്ചുവെന്നും ഊര്‍ജസ്വലമായ റെഡ് സീ മേള ആഗോള ചലച്ചിത്ര സമൂഹം ഒരുമിച്ച് ആഘോഷിച്ചുവെന്നും റെഡ് സീ ഫിലിം ഫൗണ്ടേഷന്‍ ചെയര്‍വുമണ്‍ ജുമാനാ അല്‍റാശിദ് പറഞ്ഞു. മൂന്നാമത് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളം ന്യൂസ് പ്രസാധകരായ എസ്.ആര്‍.എം.ജി സി.ഇ.ഒയാണ് ജുമാന അല്‍ റാശിദ്.
സംസ്‌കാരങ്ങളെ ബന്ധിപ്പിക്കാനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് മേള ലോകം ഏറ്റെടുത്തത്. സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, മൊറോക്കൊ, റുവാണ്ട, അര്‍മീനിയ, മലേഷ്യ, പാക്കിസ്ഥാന്‍, ന്യൂസിലാന്റ്, ഇന്ത്യ, ഫ്രാന്‍സ്, തായ്‌ലന്റ് അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള 125 ലേറെ സിനിമകളുമായാണ് ഞങ്ങള്‍ ഈ മേള ഒരുക്കിയത്. ആശയങ്ങള്‍ക്കും ബിസിനസിനും പ്രചോദനത്തിനുമായി ഒരു കേന്ദ്രം സൃഷ്ടിച്ചതില്‍ അഭിമാനിക്കുന്നവന്നും ജുമാനാ അല്‍റാശിദ് കൂട്ടിച്ചേര്‍ത്തു.

ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഫീച്ചര്‍ സിനിമക്കുള്ള ഗോള്‍ഡന്‍ യുസ്ര്‍ പുരസ്‌കാരവും ഒരു ലക്ഷം ഡോളര്‍ ക്യാഷ് പ്രൈസും സറാര്‍ ഖാന്‍ സംവിധാനം ചെയ്ത പാക്കിസ്ഥാനി, കനേഡിയന്‍ ഹൊറര്‍ സിനിമയായ ഇന്‍ ഫ്‌ളെയിംസ് സ്വന്തമാക്കി. സില്‍വര്‍ യുസ്ര്‍ അവാര്‍ഡ് ദുരഭിമാന കൊലയുടെ കഥ പറയുന്ന തര്‍സീം സിംഗിന്റെ ഡിയര്‍ ജാസിക്ക് ആണ്. ബ്രിട്ടീഷ്, ഫലസ്തീനിയന്‍ സംവിധായകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫറഹ് നബുല്‍സിയുടെ ദി ടീച്ചര്‍ മികച്ച നടന് അടക്കം രണ്ടു പുരസ്‌കാരങ്ങള്‍ നേടി. ദി ടീച്ചറിലെ അഭിനയത്തിന് സാലിഹ് ബക്‌രിയാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. ജൂറി പ്രൈസ് ലഭിച്ചതും ഫറഹ് നബുല്‍സിക്കാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫലസ്തീനിലാണ് ദി ടീച്ചര്‍ ചിത്രീകരിച്ചത്.
മികച്ച സംവിധായന്‍ ഷോകിര്‍ ഖോലികോവിന് (സണ്‍ഡേ) ആണ്. മികച്ച നടിക്കുള്ള പുരസ്‌കാരം ഇന്‍ശാഅല്ലാ എ ബോയ് എന്ന സിനിമയിലെ പ്രകടനത്തിന് മുന ഹവ്വ കരസ്ഥമാക്കി. മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് സിക്‌സ് ഫീറ്റ് ഓവര്‍ (കരീം ബിന്‍ സാലിഹ്, ജമാല്‍ ബല്‍മഹി) നേടി. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം കൗഥര്‍ ബിന്‍ ഹനിയയുടെ ഫോര്‍ ഡോട്ടേഴ്‌സിനാണ്. ചോപാര്‍ഡ് റൈസിംഗ് ടാന്റ് ട്രോഫി നൂര്‍ അല്‍ഖദ്‌റക്കും ഫിലിം അല്‍ഉല ഓഡിയന്‍സ് അവാര്‍ഡ് (സൗദി ഫിലിം) നൂറക്കും ഫിലിം അല്‍ഉല ഓഡിയന്‍സ് അവാര്‍ഡ് (നോണ്‍-സൗദി ഫിലിം) ദക്ഷിണ കൊറിയന്‍ സിനിമയായ ഹോപ്‌ലെസിനുമാണ്.
മികച്ച ഹ്രസ്വസിനിമക്കുള്ള ഗോള്‍ഡന്‍ യുസ്ര്‍ അവാര്‍ഡ് ദഹ്‌ലിയ നെലിചിന്റെ സംവെയര്‍ ഇന്‍ ബിറ്റ്‌വീനും മികച്ച ഹ്രസ്വസിനിമക്കുള്ള സില്‍വര്‍ യുസ്ര്‍ പുരസ്‌കാരം സമാന്‍ ഹുസൈന്‍പൂറും ആകൊ സന്ദ്കരീമിയും ചേര്‍ന്ന് സംവിധാനം ചെയ്ത സ്യൂട്ട്‌കേസിനും ലഭിച്ചു. മികച്ച സിനിമാ സംഭാവനക്കുള്ള അവാര്‍ഡ് ഓമനിലൂടെ ബലോജി കരസ്ഥമാക്കി.
ഓസ്‌കാര്‍ ജേതാവായ നിക്കോളാസ് കേഗിന് ഓണററി അവാര്‍ഡ് സമ്മാനിച്ചു. ഡയാന്‍ ക്രൂഗര്‍, റണ്‍വീര്‍ സിംഗ്, അബ്ദുല്ല സഹ്ദാന്‍ എന്നിവര്‍ക്കും ഓണററി പുരസ്‌കാരങ്ങള്‍ ലഭിച്ചു. രണ്ടു തവണ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച എല്‍വിസ് ഡയറക്ടര്‍ ബാസ് ലുഹര്‍മാന്‍ ആണ് റെഡ് സീ ഫിലിം ഫെസ്റ്റിവലിലെ 17 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ച ജൂറിക്ക് നേതൃത്വം നല്‍കിയത്.

 

Latest News