Sorry, you need to enable JavaScript to visit this website.

കൗമാരക്കാരിലെ വൈകാരിക വിക്ഷുബ്ധതകൾ

കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ കൗമാരക്കാരികളായവരുടെ ആത്മഹത്യയുടെ വാർത്തകളാണ് സമീപ പ്രദേശങ്ങളിൽ  നിന്ന് വന്നു കൊണ്ടിരിക്കുന്നത്. പ്ലസ് ടു ക്ലാസിൽ  പഠിക്കുന്നവരോ ഡിഗ്രി പഠനം തുടങ്ങിയവരോ ആണതിലധികവും. യുവാക്കൾക്കിടയിലെ ആത്മഹത്യകൾ ലോകമെമ്പാടും ഗുരുതരമായ പ്രശ്നമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഗ്രാമീണ മേഖലയിലും ആത്മഹത്യയുടെ തോത് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നത്. 15 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ എന്നിവരുടെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പ്രായപൂർത്തിയാകുന്നതിന്റെ ബുദ്ധിമുട്ടുകൾ യുവാക്കൾ അഭിമുഖീകരിക്കുന്നതിനാൽ കൗമാര പ്രായം ഉത്കണ്ഠയും അസ്വസ്ഥതയും നിറഞ്ഞ കാലഘട്ടമാണ്. കുടുംബത്തിൽ നിന്നോ സമപ്രായക്കാരിൽ നിന്നോ ഒറ്റപ്പെടുത്തുന്നതായി തോന്നുന്ന, പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാലഘട്ടമാണ് കൗമാരപ്രായം. അതുകൊണ്ട് തന്നെ നിസ്സാരമായ പ്രശ്‌നങ്ങളെ പോലും താങ്ങാനോ അഭിമുഖീകരിക്കാനോ കഴിയാത്ത വിധം കുട്ടികളിലെ വൈകാരിക വളർച്ച ദുർബലമായി പോവുന്നതിന്റെ സാഹചര്യം പഠിച്ച് മനസ്സിലാക്കി ആവശ്യമായ പരിഹാര പ്രക്രിയകൾക്ക് ഒരോ വീടും വിദ്യാലയവും ശാസ്ത്രീയമായി തന്നെ സജ്ജമാവേണ്ടതുണ്ട്.

നിർഭാഗ്യവശാൽ, ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരിക്കൽ ആത്മഹത്യയെ താത്കാലികമായി മാത്രമല്ല, പലപ്പോഴും പ്രശ്നങ്ങൾക്കുള്ള ശാശ്വതമായ ഉത്തരമായി ചിലരെങ്കിലും മനസ്സിലാക്കിയേക്കാം. സ്വയം സംശയങ്ങൾ, ആശയക്കുഴപ്പം, വിജയിക്കാനോ പൊരുത്തപ്പെടനോ കഴിയാത്ത സമ്മർദങ്ങൾ എന്നിവ പ്രശ്നബാധിതരായ കൗമാരക്കാരെ  അപകടങ്ങളിലേക്ക് നയിച്ചേക്കാം. പെൺകുട്ടികൾ സാധാരണയായി ആൺകുട്ടികളേക്കാൾ കൂടുതൽ തവണ ആത്മഹത്യക്ക് ശ്രമിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാൽ ആൺകുട്ടികൾ ആത്മഹത്യാശ്രമം മൂലം മരിക്കാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്. കാരണം, ആൺകുട്ടികൾ തെരഞ്ഞെടുക്കുന്ന രീതികൾ കൂടുതൽ മാരകമാണ് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ആത്മഹത്യക്ക് ശ്രമിക്കുന്ന ഭൂരിഭാഗം കുട്ടികളും കൗമാരക്കാരും കാര്യമായ മാനസികാരോഗ്യ വൈകല്യമുള്ളവരാണ്.
കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് മാറിയ പശ്ചാത്തലത്തിൽ ചെറിയ കുട്ടികൾക്കിടയിൽ, ആത്മഹത്യാശ്രമങ്ങൾ പലപ്പോഴും പെട്ടെന്നുണ്ടാവുന്ന ആവേശത്തിന്റെ പുറത്താണ് സംഭവിക്കുന്നത് എന്ന് കാണാവുന്നതാണ്. കടുത്ത  ദുഃഖം, ആശയക്കുഴപ്പം, കോപം, പ്രണയ നൈരാശ്യം, ഗാർഹിക പ്രശ്‌നങ്ങൾ അല്ലെങ്കിൽ, വിഷാദം,  ഹൈപ്പർ ആക്ടിവിറ്റി, നിരാശാബോധം എന്നിവയുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അധിക പേരും ആത്മഹത്യയിലേക്ക് തിരിയാൻ കാരണം. പണ്ടൊക്കെ പറയാനും കേൾക്കാനും ആശ്വസിപ്പിക്കാനും കുടുംബത്തിലെ മുതിർന്നവരും കൂട്ടുകാരും കുട്ടികൾക്ക് ചുറ്റിലുമുണ്ടാവുമായിരുന്നു. പുതിയ ഡിജിറ്റൽ കാലത്ത് കുട്ടികൾ വളരെ പെട്ടെന്ന് ഒറ്റപ്പെട്ടു പോവുകയാണ്.

സമ്മർദം, സ്വയം സംശയം, പഠനത്തിലുള്ള  സമ്മർദം, സാമ്പത്തിക അനിശ്ചിതത്വം, നിരാശ, നഷ്ടം എന്നിവയുമായി ബന്ധപ്പെട്ടാണ് കൗമാരക്കാർക്കിടയിൽ ആത്മഹത്യാശ്രമങ്ങൾ    കണ്ടുവരുന്നത്. വിഷാദവും ആത്മഹത്യാ വികാരങ്ങളും ചികിത്സിക്കാവുന്ന മാനസിക വൈകല്യങ്ങളാണ് എന്ന് തിരിച്ചറിയണം. കുട്ടിയോ കൗമാരക്കാരനോ അവന്റെ അല്ലെങ്കിൽ അവളുടെ രോഗം തിരിച്ചറിയുകയും രോഗനിർണയം നടത്തുകയും സമഗ്രമായ ഒരു ചികിത്സ പദ്ധതിയിലൂടെ ഉചിതമായ ചികിത്സ അവർക്ക് ലഭ്യമാക്കുകയും  വേണം.

ആത്മഹത്യ ശ്രമങ്ങളുടെ കുടുംബ ചരിത്രം, അക്രമത്തോടുള്ള സമ്പർക്കം, ആവേശം, ആക്രമണാത്മകമായ  പെരുമാറ്റം, ഭീഷണിപ്പെടുത്തൽ, നിരാശയുടെയോ നിസ്സഹായത
നിശിത നഷ്ടം അല്ലെങ്കിൽ നിരസിക്കൽ തുടങ്ങിയവ ആത്മഹത്യ പ്രവണതയിലേക്ക് കൗമാരക്കാർക്ക് ആക്കം കൂട്ടിയേക്കാം. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കുട്ടികളും കൗമാരക്കാരും പരസ്യമായി ആത്മഹത്യ പ്രസ്താവനകളോ 'ഞാൻ മരിച്ചിരുന്നെങ്കിൽ' അല്ലെങ്കിൽ 'ഞാൻ നിങ്ങൾക്ക് ഒരു പ്രശ്‌നമായിരിക്കില്ല' എന്നിങ്ങനെയുള്ള കമന്റുകളോ നടത്തിയേക്കാം. ഉത്തരവാദിത്തമുള്ള  മാതാപിതാക്കളും രക്ഷിതാക്കളും ഇത്തരം പ്രസ്താവനകളെ നിസ്സാരമാക്കി തള്ളിക്കളയരുത്.

ഭക്ഷണത്തിലോ ഉറക്കത്തിലോ ഉള്ള മാറ്റങ്ങൾ, പതിവായുള്ള  ദുഃഖം
സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പതിവ് പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നുള്ള  പിൻ വലിയൽ, വയറുവേദന, തലവേദന, ക്ഷീണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങളെക്കുറിച്ചുള്ള പതിവ് പരാതികൾ; പഠനത്തിലുള്ള താൽപര്യം പൊടുന്നനെ കുറയുന്നതും മരണത്തെക്കുറിച്ചുള്ള ആകുലത എന്നിവയെല്ലാം ആത്മഹത്യയുമായി ബന്ധപ്പെട്ട മറ്റ് മുന്നറിയിപ്പ് സൂചനകളിൽ ഉൾപ്പെടുന്നതായി തന്നെ പരിഗണിക്കണം.

മരിക്കുകയോ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്ന പല കൗമാരപ്രായക്കാരും സമയത്തിന് മുമ്പേ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടാവും. അതിനാൽ ആത്മഹത്യ പ്രവണതയുള്ള കൗമാരപ്രായക്കാർക്ക് ആവശ്യമായ സഹായം ലഭിക്കുന്നതിന് മാതാപിതാക്കൾ മുന്നറിയിപ്പ് അടയാളങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എല്ലായ്പ്പോഴും പൂർണമായും തടയാൻ കഴിയില്ലെങ്കിലും പ്രശ്നബാധിതനായ ഒരു കൗമാരക്കാരനെ കാര്യം അറിയിക്കുകയും സഹായിക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നതിനു ഇത് സഹായിക്കുന്നു.

തങ്ങൾ സ്വയം ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമെന്ന് പറയുന്ന കുട്ടികൾ 'ശ്രദ്ധക്കായി അത് ചെയ്യുന്നു' എന്ന് ചില മുതിർന്നവർ കരുതുന്നു. ശ്രദ്ധ തേടുമ്പോൾ കൗമാരക്കാർ അവഗണിക്കപ്പെടുകയാണെങ്കിൽ അത് അവർ സ്വയം ഉപദ്രവിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ആത്മഹത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾക്ക് പലപ്പോഴും അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. എന്നിരുന്നാലും നിങ്ങളുടെ കുട്ടിയോടോ കൗമാരക്കാരനോടോ അവൻ അല്ലെങ്കിൽ അവൾ വിഷാദത്തിലാണോ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നത്  പോലും സഹായകമായിരിക്കും. കുട്ടിയുടെ കാര്യം നിങ്ങൾ ഗൗരവമായി  ശ്രദ്ധിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടിക്ക്  സംസാരിക്കാനുള്ള അവസരം ലഭിക്കുമെന്നും  കുട്ടിക്ക് ഉറപ്പ് നൽകാൻ അത്തരം പരാനുഭൂതിയോട് കൂടിയ ചോദ്യങ്ങൾ സഹായിക്കുമെന്നറിയുക.

രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും എല്ലായ്‌പ്പോഴും ജാഗ്രതയുടെയും സുരക്ഷയുടെയും പക്ഷത്ത് നിന്ന് ചിന്തിച്ച് വേണ്ട മുൻകരുതലുകളും ബോധവൽക്കരണവും നടത്തണം. വേണ്ടിവന്നാൽ ആത്മഹത്യ ചിന്തകളോ പദ്ധതികളോ ഉള്ള കൗമാരപ്രായക്കാർക്ക് പരിശീലനം ലഭിച്ച യോഗ്യതയുള്ള ഒരു മാനസികാരോഗ്യ വിദഗ്ധനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി പ്രശ്‌ന പരിഹാരത്തിനുള്ള സൗകര്യവും ചികിത്സയും ഒരുക്കണം .

ക്ലാസുകളിൽ കുട്ടികൾക്ക് അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറയാൻ കൊള്ളാവുന്ന ഒരു നല്ല സുഹൃത്തായി ഓരോ അധ്യാപികാ അധ്യാപകനും മാറുന്നത് നന്നായിരിക്കും. കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പ് വരുത്താനാവശ്യമായ പലവിധ സംവിധാനങ്ങളും സ്‌കൂളുകളിൽ നിലവിലുണ്ടെങ്കിലും അവയൊക്കെ കൂടുതൽ ഫല പ്രദമാക്കാൻ അധികൃതർ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. പൊതുവെ ദുഃഖഭരിതരായ കുട്ടികളുടെ വീടും പരിസരവും അടുത്ത് അറിയാനും അവരെ അലട്ടുന്ന പ്രശ്‌നങ്ങളെ അടുത്തറിയാനും മുഴുവൻ അധ്യാപകരും ദയാവായ്‌പോടെ കുട്ടികളുമായി അടുത്തിടപഴകിയേ മതിയാവൂ. പല കാരണങ്ങൾ കൊണ്ടും വിവാഹം വൈകിപ്പോവുന്ന യുവാക്കൾ നാട്ടിൽ പെരുകുമ്പോൾ അവരുടെ പ്രേമലീലകൾക്ക് എളുപ്പത്തിൽ വശംവദരാവുന്നത് പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിക്കാൻ കഴിവെത്തിയിട്ടില്ലാത്ത കൗമാരക്കാരികളാണെന്നത് കൂടി ഇത്തരുണത്തിൽ ചേർത്തു വായിക്കേണ്ടതാണ്.

Latest News