Sorry, you need to enable JavaScript to visit this website.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും

തിരുവനന്തപുരം-രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും. 81 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങളാണ് ഇനിയുള്ള എട്ട് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. പ്രധാന വേദിയായ ടാഗോര്‍ തീയേറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നാനാ പടേക്കര്‍ മുഖ്യാതിഥിയാകും. സുഡാനിലെ നവാഗത സംവിധായകന്‍ മുഹമ്മദ് കൊര്‍ദോഫാനിയുടെ 'ഗുഡ്ബൈ ജൂലിയ' ആണ് ഉദ്ഘാടന ചിത്രം.
ലോക സിനിമ വിഭാഗത്തില്‍ 62 ചിത്രങ്ങള്‍ ഉള്‍പ്പെടെ 19 വിഭാഗങ്ങളിലായി 175 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ 15 വേദികളിലാണ് പ്രദര്‍ശനം. പലസ്തീന് ഐക്യദാര്‍ഢ്യവുമായി ഏഴ് അധിനിവേശവിരുദ്ധ സിനിമകളും പ്രദര്‍ശിപ്പിക്കും. 12000 ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ എത്തുന്നത്. നൂറുകണക്കിന് ചലച്ചിത്ര പ്രവര്‍ത്തകരും ഭാഗമാകും. ഒരൊറ്റ വേദികളിലെയും 70 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വ് ചെയ്യാത്തവര്‍ക്കുമായാണ് മാറ്റിയിട്ടുള്ളത്.
വൈകിട്ട് ആറ് മണിക്ക് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ഉദ്ഘടന ചടങ്ങിന് പിന്നാലെ ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ പ്രദര്‍ശിപ്പിക്കും. യുദ്ധഭൂമിയില്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങളും സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരച്ചുകാട്ടുന്നതാണ് സിനിമ. മേളയുടെ ഭാഗമായി മാനവീയം വീഥിയില്‍ കലാപരിപാടികള്‍ അരങ്ങേറും. പ്രധാന വേദി ബന്ധപ്പിച്ച് രണ്ട് ഇലക്ട്രിക്ക് ബസുകള്‍ സൗജന്യ സര്‍വീസ് നടത്തും. ഈ മാസം 15 നാണ് മേള സമാപിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്ക് സമാപന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

Latest News