- ആൺകുട്ടികളെ കയറിപ്പിടിക്കുന്ന സ്ത്രീകളുണ്ടെന്നും പ്രതികരിച്ചാൽ നീയൊരു ആണല്ലേടാ എന്നായിരിക്കും അവരുടെ ചോദ്യമെന്നും താരം
സ്ത്രീകൾ പുരുഷൻമാരെ പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടെന്നും മോഡലിംഗിനിടെ ആൺകുട്ടികളെ കയറിപ്പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും നടി സാധിക വേണുഗോപാൽ. പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ, ചിലർക്കത് തുറന്ന് പറയാൻ പറ്റിയെന്നു വരില്ല. നീയൊരു ആണല്ലേടാ എന്ന ചോദ്യമായിരിക്കും അവർക്ക് നേരിടേണ്ടി വരികയെന്നും നടി ഒരു ചാനലിനോട് പറഞ്ഞു.
ചിലർ അഡ്ജസ്റ്റ്‌മെന്റ് ചോദിക്കും. യെസ് എന്നോ നോ എന്നോ പറയണമെന്നതൊക്കെ വ്യക്തിപരമായ കാര്യമാണ്. എന്ന് വെച്ച് എല്ലാ സിനിമയിലും അഡ്ജസ്റ്റ്‌മെന്റ് ചോദിക്കും എന്നല്ല. സിനിമയ്ക്ക് ടാലന്റ് മാത്രം പോര ഭാഗ്യവും വേണം. പിന്നെ കണക്ഷൻസും. സിനിമയിൽ എനിക്ക് സൗഹൃദങ്ങൾ തീരെ ഇല്ല. ജോലിയെയും സംസ്‌കാരത്തെയും കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെങ്കിലും സിനിമയിൽ ഉയർന്നുവരാൻ കഴിവ് മാത്രം പോരെന്നും ഭാഗ്യം കൂടി ആവശ്യമാണെന്നും അവർ പറഞ്ഞു.
മോഡലിംഗിലാണ് ഞാൻ കരിയർ തുടങ്ങിയത്. മോഡലിംഗിൽ ക്ലൈന്റ് പറയുന്നതാണ് നമ്മൾ ചെയ്യേണ്ടത്. ബിക്കിനി ഷൂട്ട്‌സ് ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്നെ സ്‌ക്രീനിൽ കാണുമ്പോൾ കംഫേർട്ട് ആണെന്ന് തോന്നുന്ന എന്ത് വസ്ത്രവും ഞാൻ ഇടും. ബിക്കിനി എനിക്ക് കംഫേർട്ട് അല്ല. കേരളത്തിൽ ആയത് കൊണ്ടാണ്. പുറത്തായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ പൂർണമായും വേറൊരു രീതിയിൽ പോയേനെ.
മോഡലിംഗും സംസ്‌കാരവും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. മോഡലിംഗ് എന്റെ പ്രൊഫഷൻ ആണ്. മാറ് മറയ്ക്കാൻ സമരം ചെയ്തവരുടെ നാട്ടിൽ മാറ് തുറന്ന് കാണിക്കുന്നുവെന്ന് ചിലർ പറയാറുണ്ട്. അതൊക്ക ഓരോരുത്തരുടേയും താൽപര്യമല്ലേ? അന്ന് ആ സ്ത്രീകൾക്കത് വേണമായിരിക്കാം. ഇന്ന് ചിലർക്കത് വേണ്ടായിരിക്കാം. നമ്മൾ ഒരാളേയും ദ്രോഹിക്കാതിരിക്കുക. നമ്മൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. ഫോട്ടോഷൂട്ടുകൾ കണ്ടിട്ട് പലരും വിളിക്കും. അതെന്റെ കംഫേർട്ട് പ്ലേസ് ആണ്. കോസ്റ്റ്യൂം ഇട്ടാൽ അത് കൃത്യമായി പകർത്തും. എന്നാൽ സിനിമയിൽ ഒരു കോസ്റ്റ്യൂം ഇട്ടാൽ എവിടെ കൊണ്ട് കാമറ വെയ്ക്കും, ഏത് ആങ്കിളിൽ വെക്കും എന്നതൊക്കെ ഞാൻ കോൺഷ്യസ് ആണ്. വിളിക്കുമ്പോഴേ ഞാൻ പറയാറുണ്ട്: എക്‌സ്‌പോസ് ചെയ്യാൻ തയ്യാറല്ലെന്നും അവസരം തേടിപ്പോകുന്ന ആളല്ലെന്നും. കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. സിനിമാ-സീരിയൽ രംഗത്തെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടിയ നടിയാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. 2012-ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള കടന്നുവരവ്. തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളണിഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി സിനിമയിൽനിന്ന് വിട്ടുനിൽക്കുന്ന താരം സൈബർ ആക്രമണങ്ങൾക്കും മറ്റു അനഭലഷണീയ പ്രവണതകൾക്കുമെതിരെ നിലപാടുകൾ തുറന്നുപറയാൻ മടിക്കാറില്ല.






