ഖത്തറില്‍ വധശിക്ഷ കാത്തു കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാനാകുമോ, അംബാസഡര്‍ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി- വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്ന  എട്ട് ഇന്ത്യക്കാരെ കാണാന്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അനുമതി ലഭിച്ചതായും കൂടിക്കാഴ്ച നടന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഖത്തറില്‍ വധശിക്ഷ കാത്തു കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് കോണ്‍സുലര്‍ പ്രവേശനം ലഭിച്ച വിവരം വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.
ഖത്തറില്‍ തടവിലാക്കപ്പെട്ട വ്യക്തികള്‍ക്ക് കോണ്‍സുലര്‍ സഹായവും നിയമഹായവും ഉറപ്പാക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഡിസംബര്‍ മൂന്നിന് നടന്ന കൂടിക്കാഴ്ചയെന്ന് വക്താവ് പറഞ്ഞു. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ സഹായം നല്‍കുന്നുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
കുടുംബങ്ങളില്‍ നിന്നുള്ള ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തടവുകാര്‍ക്കും അന്തിമ അപ്പീല്‍ ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് ഹിയറിംഗുകള്‍ നടന്നു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് നിയമപമായ കോണ്‍സുലാര്‍ സഹായം നല്‍കുന്നുണ്ട്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വിരമിച്ച ഏഴ് നാവിക ഉദ്യോഗസ്ഥരും ഒരു നാവികനും ഉള്‍പ്പെടെ എട്ട് പേരെ ഖത്തര്‍ അധികൃതര്‍ വെളിപ്പെടുത്താത്ത കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തടവിലാക്കിയത്. ഖത്തറിന്റെ സായുധ സേനയ്ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്ഥാപനമായ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസുമായി  ബന്ധപ്പെട്ടാണ് പിടിയിലായവര്‍ ജോലി ചെയ്തിരുന്നത്. ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
വളരെയേറെ ഞെട്ടിക്കുന്നതാണെന്നാണ് കോടതി വിധിയോട് നേരത്തെ ഇന്ത്യ പ്രതികരിച്ചിരുന്നത്. വിധിയെ ചോദ്യം ചെയ്യാന്‍ നിയമപരമായ വഴികള്‍ തേടുകയും ചെയ്തു. വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഖത്തറിലെ ഹൈക്കോടതി അംഗീകരിച്ചു.
മുന്‍ നാവിക സേനാംഗങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ  ശ്രമങ്ങളെ നേവി ചീഫ് അഡ്മിറല്‍ ആര്‍.ഹരി കുമാര്‍ സ്ഥിരീകരിച്ചു. അവരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും പരിശ്രമവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അംബാസഡര്‍ക്ക്  ലഭിച്ച കോണ്‍സുലര്‍ പ്രവേശനം തടവിലാക്കപ്പെട്ടവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന ആശങ്കക്കുള്ള പരിഹാരമായാണ് കാണുന്നത്.  ദുബായില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തര്‍ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ പുരോഗതി.
ഇന്ത്യന്‍ നാവിക സേനയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ ഖത്തറിന്റെ പ്രതിരോധ സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന പദ്ധതികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായിലിനായി ചാരവൃത്തി നടത്തിയെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ആരോപിച്ചത്. എന്നാല്‍ കുടുംബങ്ങള്‍ ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചു,
ഇന്ത്യ സജീവമായി നിയമസഹായവും നയതന്ത്ര ഇടപെടലും തുടരുന്നതിനാല്‍, സ്ഥിതിഗതികള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഖത്തറിലെ തുടര്‍ വിചാരണകള്‍ക്കും നിയമനടപടികള്‍ക്കും കാത്തിരിക്കുകയാണ്. വിദേശരാജ്യത്ത് വധശിക്ഷ കാത്തു കഴിയുന്ന വ്യക്തികളുടെ ക്ഷേമവും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കാനുള്ള അചഞ്ചലമായ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.  

 

Latest News