'ഞങ്ങളുടെ സ്വകാര്യത മാനിക്കണം, വിശ്വാസങ്ങളും'; അസിമുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് നടി ഹിമാൻഷി ഖുറാന

  മോഡലും ബിഗ് ബോസ് താരവുമായ അസിം റിയാസുമായുള്ള നാലുവർഷത്തെ പ്രണയബന്ധം അവസാനിപ്പിക്കുന്നതായി നടിയും ഗായികയും മോഡലുമായ ഹിമാൻഷി ഖുറാന. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 13-ാം സീസണിലെ മത്സരാർത്ഥികളായിരുന്നപ്പോഴാണ് ഇരുവരും കൂടുതൽ അടുത്തത്. 
 മതപരമായ വിശ്വാസത്തോടുള്ള ബഹുമാനം മുൻനിർത്തിയാണ് തീരുമാനമെന്നും അസിം റിയാസുമായി മറ്റൊരു പ്രശ്‌നവുമില്ലെന്നും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഹിമാൻഷി സമൂഹമാധ്യമത്തിൽ അറിയിച്ചു.
 അസിം റിയാസുമായുള്ള പ്രണയവാർത്ത പങ്കുവച്ചതിനു ഹിമാൻഷി നേരത്തെ സൈബർ ആക്രമണം നേരിട്ടിരുന്നു. കേരള സ്റ്റോറി, അടുത്ത ലവ് ജിഹാദിന്റെ ഇര എന്ന തരത്തിലായിരുന്നു കമന്റുകൾ. തട്ടമിട്ടതിന്റെ പേരിലും രൂക്ഷമായ സൈബർ ആക്രമണമുണ്ടായിരുന്നു. കർഷക സമര വേളയിൽ പ്രതിഷേധക്കാർക്ക് പിന്തുണയുമായി നടി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരസ്ഥലത്ത് പ്രതിഷേധക്കാരെ സന്ദർശിച്ച ഇവർ ജ്യൂസും വെള്ളവും വിതരണം ചെയ്യുകയായിരുന്നു. 
നടിയുടെ വാക്കുകൾ ഇങ്ങനെ:
 'അസിം റിയാസുമായുള്ള ബന്ധം ഏറെ മഹത്തരമായിരുന്നെങ്കിലും ഇപ്പോൾ പിരിയാനുള്ള സമയം അടുത്തിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു. രണ്ടു പേരുടേയും മതവിശ്വാസങ്ങളോടുള്ള ബഹുമാനം പുലർത്തിക്കൊണ്ട് തന്നെ ആ മതവിശ്വാസങ്ങൾക്കുവേണ്ടി ഞങ്ങളുടെ സ്‌നേഹത്തെ ത്യജിക്കുകയാണ്. ഞങ്ങൾ തമ്മിൽ മറ്റൊരു പ്രശ്‌നവുമില്ല. ഈ വേളയിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'.

Latest News