എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കും കരിപ്പൂരിലേക്കും മാറ്റി

കൊച്ചി- നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ വിമാന സര്‍വീസുകള്‍ തിരുവനന്തപുരം, കരിപ്പൂര്‍, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കു മാറ്റി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കും കരിപ്പൂരിലേക്കും മാറ്റിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഏതാനും സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബയ്-കൊച്ചി, കൊച്ചി-മധുരൈ-സിങ്കപൂര്‍-മധുരൈ-കൊച്ചി സര്‍വീസുകളാണ് റദ്ദാക്കിയത്. 

അബുദബിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയില്‍ നിന്നുള്ള ഐഎക്‌സ് 476 വിമാനം തിരുവനന്തപുരത്തും ഇറക്കും. അബുദബിയില്‍ നിന്നും കൊച്ചിയിലെത്തേണ്ട വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും തിരിച്ചുവിടും.

വ്യാഴാഴചത്തെ കൊച്ചി-ഷാര്‍ജ-കൊച്ചി, കൊച്ചി-ബഹ്‌റൈന്‍-കൊച്ചി എന്നീ സര്‍വീസുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്നും മറ്റെല്ലാ സര്‍വീസുകളും തിരുവനന്തപുരത്തു നിന്നായിരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
Image may contain: text
കൊച്ചിയില്‍ നിന്നും കൊച്ചിയിലേക്കുമുള്ള ടിക്കറ്റുകളില്‍ യാത്രാ തീയതിയോ വിമാനമോ മാറാനുളള ചാര്‍ജ്, ടിക്കറ്റ് കാന്‍സലേഷന്‍ ചാര്‍ജ്, മറ്റു പിഴകള്‍ എന്നിവ ഈടാക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

നെടുമ്പാശ്ശേരിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുന്നതു വരെ ഈ സര്‍വീസുകള്‍ തുടരും. ആവശ്യമെങ്കില്‍ അധിക സര്‍വീസുകള്‍ നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

Latest News