VIDEO മുസ്ലിം യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, ആരും ഇടപെട്ടില്ല

ലഖ്‌നൗ- മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സഹാരന്‍പൂരിലെ പാരാമൗണ്ട് കോളനിക്ക് സമീപം നടന്ന സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
മുഹമ്മദ് റഹ്മാന്‍ എന്ന യുവാവിനെയാണ് നിര്‍മ്മാണ സ്ഥലത്ത് നിന്ന് കമ്പികള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി സദര്‍ ബസാര്‍ പോലീസ് അറിയിച്ചു.  സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ അമിത് ശര്‍മ യുവാവിനെ മര്‍ദിക്കുന്നതും കൂടെയുള്ളവരോട് യുവാവിനെ മര്‍ദിക്കാന്‍ പറയുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. ഏഴംഗസംഘം തന്നെ മോഷ്ടാവ് എന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നെന്ന് റഹ്മാന്‍ പോലീസില്‍ മൊഴി നല്‍കി.
അടിയേറ്റ് യുവാവ് നിലവിളിക്കുന്നുണ്ടെങ്കിലും അമിത് ശര്‍മ ഇയാളെ വീണ്ടും മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. കൂടി നില്‍ക്കുന്നവര്‍ ഇടപെടാതെ നോക്കിനില്‍ക്കന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

Latest News