Sorry, you need to enable JavaScript to visit this website.

ഷവര്‍മ ശീലമാക്കല്ലേ, പണി പിന്നാലെ വരുന്നുണ്ട്  

ദുബായ്- ഷവര്‍മ ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. എന്നാല്‍ ശ്രദ്ധയോടെ കഴിച്ചില്ലെങ്കില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ശരിയായ രീതിയില്‍ പാകം ചെയ്തില്ലെങ്കില്‍ ഷവര്‍മ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. വൃത്തിഹീനമായ ചുറ്റുപാടില്‍ പാകം ചെയ്യുന്ന ഷവര്‍മ ഒരിക്കലും കഴിക്കരുത്.
ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സാല്‍മൊണല്ല, ഷിഗെല്ല എന്നിവയാണ് ഇതിലെ പ്രധാന വില്ലന്‍മാര്‍. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ചിക്കന്‍ പൂര്‍ണ്ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറുമെന്നും കൂടുതല്‍ അപകടകാരി ഷിഗെല്ലയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മാംസം ഒരു ഇന്‍സുലേറ്റര്‍ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റര്‍ ഉള്ളില്‍ ഉണ്ടാവില്ല. സാല്‍മൊണെല്ല ഉണ്ടാകാതിരിക്കാന്‍ കുറഞ്ഞത് 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് വേവണം. കൃത്യമായി വേവാതെ ഷവര്‍മയ്ക്ക് വേണ്ടി ഇറച്ചി മുറിച്ചെടുക്കരുത്. ഇറച്ചി വെന്തിട്ടില്ലെന്ന് തോന്നിയാല്‍ ആ ഷവര്‍മ പിന്നീട് കഴിക്കരുത്. റോഡില്‍ നിന്ന് പൊടിപടലങ്ങള്‍ പ്രവേശിക്കുന്ന രീതിയിലാണ് ഷവര്‍മയ്ക്കുള്ള ഇറച്ചി തയ്യാറാക്കുന്നതെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അത് കഴിക്കരുത്.
പച്ചമുട്ടയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോന്നൈസ് സാല്‍മൊണെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന മറ്റൊരു പദാര്‍ഥമാണ്. കൃത്യമായി വേവാത്ത ഭക്ഷണത്തിലാണ് രോഗാണുക്കളും വൈറസുകളും ഉണ്ടാകുക. ഷവര്‍മ അധികം സമയം പുറത്തെ താപനിലയില്‍ സൂക്ഷിക്കരുത്. സമയം കൂടുംതോറും സാല്‍മൊണെല്ല ഉത്പാദിപ്പിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഷവര്‍മ പാര്‍സല്‍ ആയി വാങ്ങിയാലും പരമാവധി ഒരു മണിക്കൂറിനുള്ളില്‍ കഴിക്കുക.

Latest News