ദോഹയിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് നാളെ

ദോഹ- ഖത്തർ ഇന്ത്യൻ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 8 ന് ഏഷ്യൻ ടൗണിൽ നടക്കും. ഏഷ്യൻ ടൗണിലുള്ള ഇമാറ ഹെൽത്ത് കെയറിലാണ് ക്യാമ്പ് നടക്കുക.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ടാകും. ഇൻഡസ്ട്രിയർ ഏരിയയിലും, ഏഷ്യൻ ടൗണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർക്ക് ദോഹയിൽ വരാനും ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ഏഷ്യൻ ടൗണിൽ കോൺസുലാർ ക്യാമ്പൊരുക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടുവരണമെന്നും ഐ.സി.ബി.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്‌ക്കും ക്യാമ്പിൽ പ്രവർത്തിക്കും. തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
 

Tags

Latest News