ഭീതി അനാവശ്യം, സൗദിയില്‍ പോലീസ് ഫോണ്‍ പരിശോധന തുടങ്ങിയിട്ടില്ല

റിയാദ്- സൗദിയില്‍ ഫോണില്‍ വിപിഎന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ) ആപ്പ് ഉണ്ടോ എന്നു പരിശോധിക്കാന്‍ പോലീസ് ഇറങ്ങുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ വ്യക്തികളുടെ ഫോണുകള്‍ പരിശോധിക്കാന്‍ പോലീസോ മറ്റു സുരക്ഷാ ഏജന്‍സികളോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വി.പി.എന്‍ കണ്ടുപിടിച്ചാല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം.
സൗദിയില്‍ നിരോധിത സൈറ്റുകള്‍ തുറക്കാന്‍ വി.പി.എന്‍ ഉപയോഗിച്ച് ശ്രമിക്കരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാര്‍ ഡാറ്റകള്‍ ചോര്‍ത്താന്‍ ശ്രമിക്കരുതെന്നും  അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ട്. വി.പി.എന്‍ പോലുള്ള നിയമവിരുദ്ധ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗദി നിയമം പത്ത് ലക്ഷം റിയാല്‍വരെ പിഴയും ഒരു വര്‍ഷം ജയിലും ശിക്ഷ വ്യവസ്ഥ ചെയ്യുന്നുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മതപരവും ധാര്‍മികവുമായ മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥകള്‍ക്കും എതിരായ വെബ്‌സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയാന്‍ കമ്യൂണിക്കേഷന്‍, സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷന്‍ (സിഐടിസി) നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ ഫോണില്‍ വാട്‌സ്ആപ്പ്  ഓഡിയോ വിഡിയോ കോളിനുവേണ്ടിയാണ് കൂടുതലും വി.പി.എന്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളത്. സൗദിയില്‍ വാട്‌സ്ആപ്പില്‍   ഓഡിയോ വിഡിയോ കാള്‍ സൗകര്യം ഇനിയും അനുവദിച്ചിട്ടില്ല.
ലൈംഗിക ഉള്ളടക്കമുള്ള സൈറ്റുകള്‍ തടയുന്ന പ്രക്രിയ സൗദിയില്‍ നിരന്തരം തുടരുന്നതാണ്. ആയിരക്കണക്കിന് വെബ് സൈറ്റുകളാണ് ഇങ്ങനെ തടഞ്ഞിരിക്കുന്നത്. ഏതെങ്കിലും സൈറ്റില്‍ അശ്ലീല ഉള്ളടക്കം കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് സി.ഐ.ടി.സിക്ക് റിപ്പോര്‍ട്ട് ചെയ്യാം.  സൗദി നിയമങ്ങള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും അശ്ലീല ഉള്ളടക്കങ്ങള്‍ തേടി പോകുന്നവര്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാണെങ്കില്‍ മാത്രമേ ഒരാളുടെ ഫോണും ലൊക്കേഷനും ട്രാക്ക് ചെയ്യാന്‍ പോലീസ് നടപടി സ്വീകരിക്കുകയുള്ളൂ. വി.പി.എന്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരാളെ ട്രാക്ക് ചെയ്യാന്‍ സൗദി പോലീസിന് എളുപ്പം സാധിക്കുമെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.

 

Latest News