ന്യൂദല്‍ഹി- മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കണ്ടെത്താൻ ബി.ജെ.പി തിരക്കിട്ട കൂടിയാലോചനയിൽ.രാജസ്ഥാനിലും മധ്യപ്രദേശിലും പുതിയ മുഖങ്ങളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നോക്കുകയാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് എം.പിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ഉന്നത നേതാക്കളെല്ലാം പങ്കെടുക്കുന്ന യോഗം മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയാണ് നടത്തിയത്. എല്ലാ സംസ്ഥാനങ്ങളിലേക്കും ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതിനാല്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക ബി.ജെ.പിക്ക് അല്‍പം പ്രയാസകരമായ ജോലിയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം രണ്ടാമത്തെ ഉന്നതതല യോഗമാണ് ചേര്‍ന്നത്. ചൊവ്വാഴ്ച നടന്ന നാല് മണിക്കൂര്‍ യോഗത്തില്‍ തീരുമാനമെടുക്കാനായില്ല.
ഛത്തീസ്ഗഢില്‍ ആദിവാസി വിഭാഗത്തില്‍പെട്ടയാളെയും മധ്യപ്രദേശില്‍ പിന്നോക്ക ജാതിക്കാരനെയും രാജസ്ഥാനില്‍ രാജ്പുത് വിഭാഗക്കാരില്‍നിന്നുള്ളയാളേയും മുഖ്യമന്ത്രിയാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് താല്‍പര്യം. യുവാക്കള്‍, വനിതകള്‍ എന്നിവരേയും പരിഗണിച്ചേക്കാം.
മൂന്നു സംസ്ഥാനങ്ങളിലും തലമുതിര്‍ന്ന നേതാക്കള്‍ സ്ഥാനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ വസുന്ധര രാജെയും ഛത്തീസ്ഗഢില്‍ രമണ്‍സിംഗും മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനും ഉണ്ടെങ്കിലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റേതായിരിക്കും.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച പത്ത് ബി.ജെ.പി എം.പിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പന്ത്രണ്ട് ബി.ജെ.പി എം.പിമാരാണ് നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ കേന്ദ്രമന്ത്രി രേണുക സിംഗ്, മഹന്ത് ബാലകാന്ത് എന്നിവര്‍ ഒഴികെയുള്ള പത്ത് പേര്‍ രാജി സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. മന്ത്രിമാര്‍ രാജിവച്ചതോടെ കേന്ദ്ര മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവച്ച എം.പിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ പ്രധാന ചുമതലകള്‍ നല്‍കിയേക്കും. ചിലരെ മുഖ്യമന്ത്രിസ്ഥാനത്തേക്കും പരിഗണിക്കുന്നു.
രാകേഷ് സിംഗ്, ഉദയ പ്രതാപ്, റിതി പഥക്, അരുണ്‍ സാവോ, ഗോമതി സായി, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ദിയാ കുമാരി, കിരോഡി ലാല്‍ മീണ എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍. കേന്ദ്ര മന്ത്രി രേണുക സിംഗും, രാജസ്ഥാനില്‍ നിന്നുള്ള മഹന്ത് ബാലകാന്തും വൈകാതെ രാജിവെക്കും. നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് പട്ടേലും എംപി സ്ഥാനത്തിന് പുറെ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവെച്ചിട്ടുണ്ട്. കിരോടി ലാല്‍ മീണ മാത്രമാണ് രാജ്യസഭയില്‍നിന്നു രാജിവച്ചത്. ദിയാകുമാരി, നരേന്ദ്ര സിംഗ് തോമര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നവരാണ്.