Sorry, you need to enable JavaScript to visit this website.

കിടപ്പറ പങ്കിടാത്ത ട്രംപും മെലാനിയയും വേര്‍പിരിയുന്നു; വിവാദവുമായി വീണ്ടും പുസ്തകം

വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഒഴിവാക്കാന്‍ മെലാനിയ ട്രംപ് നാളുകളെണ്ണി കഴിയുകയാണെന്നും അദ്ദേഹം അധികാരമൊഴിഞ്ഞയുടന്‍ വിവാഹ മോചനം നടക്കുമെന്നും വൈറ്റ് ഹൗസ് മുനന്‍ ജീവനക്കാരി ഒമറോസ മാനിഗാള്‍ട്ട് ന്യൂമാന്‍ അവകാശപ്പെടുന്നു. മെലേനിയ ഈയിടെയായി ധരിച്ചതും വാര്‍ത്തകളില്‍ ഇടം പിടിച്ചതുമായ ഫാഷന്‍ വസ്ത്രങ്ങള്‍ യഥാര്‍ഥത്തില്‍ ട്രംപിനെ ശിക്ഷിക്കാനായിരുന്നുവെന്നും ഒമറോസ പറയുന്നു.

ഒമറോസ
വൈറ്റ് ഹൗസില്‍നിന്ന് പുറത്താക്കപ്പെട്ട ഒമറോസ എഴുതിയ പുതിയ പുസ്തകമായ Unhinged: An insiders Account of the Trump White House ലാണ് വിവാദ വെളിപ്പെടുത്തലുകള്‍. എന്റെ അഭിപ്രായത്തില്‍ മെലാനിയ ഓരോ നിമിഷവും എണ്ണിക്കഴിയുകയാണ്. അദ്ദേഹം സ്ഥാനമൊഴിയുന്നതോടെ വിവാഹ മോചനം നേടാനാണിത്- ഒമറോസ പറയുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു പുസ്തകത്തിലും ട്രംപിന്റേയും മെലാനിയയുടേയും ദാമ്പത്യ തകര്‍ച്ച പരാമര്‍ശിക്കുന്നുണ്ട്. ഇരുവരും കിടപ്പറ പങ്കിടാറില്ലെന്നായിരുന്നു Fire and Fury ലെ പരാമര്‍ശം.


അതേസമയം, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി പുറത്താക്കിയ ഒമറോസ എഴുതിയ ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്. ഈയിടെയായി പ്രഥമ വനിത തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍ യഥാര്‍ഥത്തില്‍ ട്രംപിനെതിരായ ആയുധങ്ങളാണെന്നാണ് ഒമറോസയുടെ വാദം.
പ്രസിഡന്റ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങളുമായി ഹോളിവുഡ് ടേപ്പകള്‍ പുറത്തുവന്ന 2016 ല്‍ നടന്ന സംവാദത്തില്‍ മെലാനിയ ധരിച്ച പിങ്ക് ബ്ലൗസ് ഉദാഹരണമായി പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഐ റിയലി ഡോണ്‍ട്  കെയര്‍. ഡു യൂ എന്നെഴുതിയ ജാക്കറ്റാണ് മറ്റൊരു ഉദാഹരണമായി എടുത്തു പറയുന്നത്.
 


വിട്ടുവീഴ്ചയില്ലാത്ത കുടിയേറ്റ നയം വിവാദമായ വേളയില്‍ കഴിഞ്ഞ ജൂണില്‍ ടെക്‌സാസ് അതിര്‍ത്തിയിലേക്ക് പോയപ്പോഴാണ് മെലാനിയ ഈ ജാക്കറ്റ് ധരിച്ചത്. സ്‌റ്റൈലും ഫാഷനും ഉപയോഗിച്ച് യഥാര്‍ഥത്തില്‍ മെലാനിയ യുദ്ധ നടത്തുകയാണെന്ന് ഒമറോസ മാനിഗാള്‍ട്ട് ന്യൂമാന്‍ ആരോപിക്കുന്നു. ഫാഷന്‍ വസ്ത്രങ്ങള്‍ മെലാനിയ തനിക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണെന്ന കാര്യം ട്രംപിന് അറിയാമെന്നും അവര്‍ പറയുന്നു.
ആരോപണങ്ങളെ കുറിച്ച് പ്രഥമ വനിതയുടെ പ്രതികരണം ആരായാന്‍ ന്യൂസ് വീക്ക് വാരിക ശ്രമിച്ചെങ്കിലും നടന്നില്ല.


അഭയാര്‍ഥികളേയും കുഞ്ഞുങ്ങളേയും വേര്‍തിരിക്കുന്ന ഇമിഗ്രേഷന്‍ നയത്തിന്റെ പേരില്‍  ഭര്‍ത്താവ് കടുത്ത പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ അതിര്‍ത്തിയിലെ കേന്ദ്രം സന്ദര്‍ശിക്കാന്‍ മെലാനിയ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും അതുകൊണ്ടു തന്നെ അന്നു ധരിച്ച ജാക്കറ്റിലെ വാക്കുകള്‍ ട്രംപിനു നേരെയുള്ളതായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. ട്രംപിനെ വേദനിപ്പിക്കാന്‍ മനഃപൂര്‍വം ധരിച്ചതായിരുന്നു ആ ജാക്കറ്റ്- ഒമറോസ വിശദീകരിക്കുന്നു.
വ്യാജ വാര്‍ത്താ മാധ്യമങ്ങളെയാണ് തന്റെ ഭാര്യ ആക്രമിച്ചതെന്നാണ് അന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടിരുന്നത്. മെലാനിയയുടെ ജാക്കറ്റില്‍ എഴുതിയ  ഐ റിയലി ഡോണ്‍ട് കെയര്‍, ഡു യു എന്നത് വ്യാജ വാര്‍ത്താ മാധ്യമങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അവ എത്രമാത്രം സത്യസന്ധമല്ലെന്ന് മെലാനിയക്ക് അറിയാം- ഇതായിരുന്നു അന്നത്തെ ട്രംപിന്റെ പ്രതികരണ ട്വീറ്റ്.
ട്രംപിനെതിരെ നിരവധി ആരോപണങ്ങള്‍ അടങ്ങിയ ഒമറോസയുടെ പുസ്തകം ചൊവ്വാഴ്ചയാണ് പുറത്തിറങ്ങുക.
 

Latest News