ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ മറുപടിയുമായി ബച്ചൻ കുടുംബം. പൊതുവേദിയിൽ എല്ലാവരും ഒന്നിച്ചെത്തിയാണ് ബച്ചൻ കുടുംബത്തിന്റെ മറുപടി.
അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെ മകൻ അഗസ്ത്യ നന്ദ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ചിത്രമായ 'ദ് ആർച്ചീസ്' എന്ന ചിത്രത്തിന്റെ സ്‌പെഷ്യൽ പ്രീമിയറിനാണ് ബച്ചൻ കുടുംബം ഒരുമിച്ചെത്തി ആരാധകരെ കൈയിലെടുത്തത്. ഇവരെ കൂടാതെ ബോളിവുഡിലെ പ്രമുഖ താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. ബച്ചൻ കുടുംബത്തിലെ എല്ലാവരും പരസ്പരം സംസാരിക്കുന്നതും ചിത്രങ്ങൾ എടുക്കുന്നതുമെല്ലാം വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേർപിരിയുന്നുവെന്ന വാർത്തകൾക്കും ഗോസിപ്പുകൾക്കുമിടെ ഇവർ ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണിപ്പോൾ.
കഴിഞ്ഞ ദിവസങ്ങളിലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിൽ പിണക്കത്തിലാണെന്നും അവരുടെ ബന്ധം ഡിവോഴ്‌സിലേക്ക് എത്തിയിരിക്കുകയാണെന്നും വാർത്തകളുണ്ടായത്. ഐശ്വര്യ ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും പ്രചാരണമുണ്ടായി. കൂടാതെ അഭിഷേക് ബച്ചൻ ഒരു പരിപാടിയിൽ വിവാഹമോതിരം ധരിക്കാതെ വന്നതും ഏറെ ചർച്ചയ്ക്ക് ഇടയാക്കി. എപ്പോഴും വിവാഹമോതിരം ധരിക്കുന്ന അഭിഷേക് ആ ശീലം ഉപേക്ഷിച്ച് വിവാഹമോതിരം ഊരിവച്ച് വന്നതോടെ അഭ്യൂഹങ്ങൾ വിശ്വസിക്കുന്നിടത്തുവരെ കാര്യങ്ങളെത്തി. അമിതാഭ് ബച്ചൻ ഐശ്വര്യയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന തരത്തിലും പ്രചരണമുണ്ടായി. ഇതോടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നവർക്ക് മുമ്പിലാണ് ബച്ചൻ കുടുംബം മാസ് എൻട്രിയുമായി എത്തിയത്.
അഭിഷേകിനും ഭാര്യ ഐശ്വര്യ റായിയ്ക്കും മകൾ ആരാധ്യയ്ക്കും പുറമേ അമിതാഭ് ബച്ചനും മകൾ ശ്വേതയും അവരുടെ കുടുംബവുമൊക്കെ ചടങ്ങിൽ പങ്കെടുത്തു. ഇതിനിടെ മാധ്യമങ്ങൾക്ക് മുമ്പാകെ കുടുംബസമേതം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. ഇതോടെയാണ് താരദമ്പതിമാരെ പറ്റി വന്ന വാർത്തയിലും യാഥാർത്ഥ്യമില്ലെന്ന് പരന്നത്.






