Sorry, you need to enable JavaScript to visit this website.

പതിമൂന്ന് വയസ്സിനു താഴെയുള്ള ആര്‍ത്തവത്തെ കുറിച്ച് പഠനം; പ്രമേഹവും സ്‌ട്രോക്കും

 ന്യൂയോര്‍ക്ക്- ചെറുപ്പത്തില്‍ തന്നെ, പ്രത്യേകിച്ച്  13 വയസ്സിന് മുമ്പ്   ആര്‍ത്തവചക്രം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ടൈപ്പ് 2 പ്രമേഹവും മധ്യവയസ്സില്‍ പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്  ഗവേഷണം കണ്ടെത്തി.
ശരാശരി 13 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. പത്തു  വയസ്സിലും താഴെയാണെങ്കില്‍ ഇത് 32 ശതമാനവും 11 വയസ്സിലാണെങ്കില്‍  14 ശതമാനവും 12 വയസ്സിലാണെങ്കില്‍  29 ശതമാനവും വരെ അപകട സാധ്യതയുള്ളതാണ്.
പത്ത് വയസ്സിലും അതില്‍ താഴെയുമുള്ള പ്രായത്തില്‍ ആര്‍ത്തവ ചക്രമുണ്ടായവരില്‍ 65 വയസ്സിനു താഴെ  പ്രമേഹത്തോടൊപ്പം സ്‌ട്രോക്ക് സാധ്യത ഇരട്ടിയാണെന്നും പഠനം പറയുന്നു.
ഈ അപകടസാധ്യത പ്രായം കൂടുന്നതിനനുസരിച്ച കുറഞ്ഞു: 11 വയസ്സില്‍ ആര്‍ത്തവം ആരംഭിച്ചവരില്‍  81 ശതമാനവും, 12 വയസ്സില്‍ 32 ശതമാനവും 14 വയസ്സില്‍ 15 ശതമാവുമാണ് സ്‌ട്രോക്ക് അപകട സാധ്യത. ഇതൊരു നിരീക്ഷണ പഠനമായതിനാല്‍ കാര്യകാരണ ഘടകങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ആര്‍ത്തവചക്രം ആരംഭിക്കുന്ന പ്രായം സ്ത്രീകളിലെ കാര്‍ഡിയോമെറ്റബോളിക് രോഗത്തിന്റെ ആദ്യകാല സൂചകങ്ങളില്‍ ഒന്നായിരിക്കാമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യുഎസിലെ തുലെയ്ന്‍ സര്‍വകലാശാലയില്‍ സില്‍വിയ എച്ച് ലേ പറഞ്ഞു.
ആര്‍ത്തവം ഉയര്‍ന്ന ഈസ്ട്രജന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത്തരം സ്ത്രീകളില്‍ ദീര്‍ഘകാലത്തേക്ക് ഈസ്ട്രജന്‍ തുടരുന്നതും കാരണമാകാമെന്ന് അവര്‍ പറഞ്ഞു.
യുവാക്കളിലും മധ്യവയസ്‌കരിലും പ്രമേഹവും അതിന്റെ സങ്കീര്‍ണതകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണെന്നും അതേസമയം സ്ത്രീകള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്ന പ്രായം ലോകമെമ്പാടും കുറയുകയാണെന്നും ഗവേഷകര്‍ പറഞ്ഞു.
20 നും 65 നും ഇടയില്‍ പ്രായമുള്ള 17,377 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇവ രണ്ടും തമ്മിലുള്ള ബന്ധം പരിശോധിച്ചത്. പഠനത്തിന്റെ ഫലം ന്യൂട്രീഷന്‍ പ്രിവന്‍ഷന്‍ ആന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചു. 10 അല്ലെങ്കില്‍ അതില്‍ താഴെയുള്ളവര്‍, 11, 12, 13, 14, 15 പ്രായക്കാര്‍ എന്നിങ്ങനെ പഠനം തരംതിരിച്ചിരുന്നു.
ആകെയുള്ളവരില്‍ 1,773 പേരില്‍ (10 ശതമാനം) ടൈപ്പ് 2 പ്രമേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ 205 പേര്‍ക്ക് (11.5 ശതമാനം) ഏതെങ്കിലും തരത്തിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആദ്യ ആര്‍ത്തവ പ്രായവും സ്‌ട്രോക്ക് സങ്കീര്‍ണതകളും തമ്മിലുള്ള ബന്ധം പരിശോധിച്ച പഠനത്തില്‍ ശരീര ഭാരം കൂടി ഉള്‍പ്പെടുത്തിയ ശേഷം ദുര്‍ബലമായെങ്കിലും ഈ സ്ഥിതിവിവരക്കണക്ക് പ്രാധാന്യമര്‍ഹിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Latest News