കമ്പിവേലിയില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥിയുടെ മരണം: മൂന്നു പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി-കിഴിശേരി കുഴിഞ്ഞോളത്ത് കമ്പിവേലിയില്‍ തട്ടി വിദ്യാര്‍ഥി ഷോക്കേറ്റ് മരിക്കുകയും കൂട്ടുകാരന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കുഴിഞ്ഞളം കളരിക്കല്‍ മൊയ്തീന്‍കുട്ടി (63), കുഴിഞ്ഞളം വട്ടംകണ്ടം വീട്ടില്‍ മുഹമ്മദ് (64), കിഴിശേരി നമ്പ്യാര്‍കുന്ന് അയ്യപ്പന്‍ (59)എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കിഴിശേരി കുഴിഞ്ഞൊളം വെള്ളാലില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ സിനാന്‍ (17) ഷോക്കേറ്റ് മരിച്ചത്. സിനാന്റെ കൂട്ടുകാരന്‍ ഷംനാദി (17)നും പരിക്കേറ്റിരുന്നു.
കുഴിഞ്ഞൊളം അങ്ങാടിക്കു സമീപത്തെ വയലിലായിരുന്നു അപകടം. കാട്ടുപന്നി ശല്യം രൂക്ഷമായ തുടര്‍ന്ന് കൃഷിയിടത്തില്‍ കമ്പിവേലി സ്ഥാപിച്ചു രാത്രിയില്‍ അനധികൃതമായി വൈദ്യുതി കണക്ഷന്‍ കൊടുത്തിരുന്നു. ഇതറിയാതെ കമ്പിവേലിയില്‍ തട്ടിയ സിനാന്‍ ഷോക്കേറ്റു മരിക്കുകയായിരുന്നു. സിനാനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഷംനാദിനും ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന ഇര്‍ഫാന്‍ ആണ് സമീപവാസികളെ വിവരമറിയിച്ചത്.  പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും സിനാനെ രക്ഷിക്കാനായില്ല. മൂന്നിയൂര്‍ പാറമ്മല്‍ ദര്‍സ്  പഠനത്തോടൊപ്പം പ്ലസ്ടു വിദ്യാര്‍ഥിയുമായിരുന്നു സിനാന്‍.

 

Latest News