ദോഹ- കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന കേരളീയത്തിനും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നവകേരള സദസ്സിനുമുള്ള ഐക്യദാർഢ്യമായി 'നവകേരളത്തിലേക്കുള്ള നാൾവഴികൾ' എന്ന വിഷയത്തിൽ ഖത്തർ സംസ്‌കൃതി സെമിനാർ നടത്തി. സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച യോഗം സംസ്‌കൃതി ജനറൽ സെക്രട്ടറി ജലീൽ ഉദ്ഘാടനം ചെയ്തു.
പ്രവാസി ക്ഷേമ വകുപ്പ് ഡയറക്ടർ സുധീർ മോഡറേറ്റർ ആയിരുന്ന സെമിനാറിൽ കേരള നവോത്ഥാനത്തെ കുറിച്ച് ശ്രീനാഥ് ശങ്കരൻ കുട്ടിയും, കേരളത്തിലെ തൊഴിലാളി മുന്നേറ്റത്തെ കുറിച്ചും, നവകേരള നിർമിതിയിൽ തൊഴിലാളികൾക്കുള്ള പങ്കിനെ കുറിച്ചും എ.സുനിൽ കുമാറും, സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണ പ്രസ്ഥാനവും കുടുംബശ്രീയുമൊക്കെ കേരളത്തിൽ സൃഷ്ടിച്ച സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഡോ.പ്രതിഭാ രതീഷും, ഇടതുപക്ഷ ബദലിനെ കുറിച്ച് ഷംസീർ അരിക്കുളവും വിഷയാവതരണം നടത്തി.
ഐ.സി.സി മുംബൈ ഹാളിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന സെമിനാറിന് സംസ്‌കൃതി കലാ സാംസ്‌കാരിക വിഭാഗം കൺവീനർ ബിജു പി.മംഗലം സ്വാഗതവും സംസ്‌കൃതി കേന്ദ്ര കമ്മിറ്റിയംഗം നിതിൻ നന്ദിയും പ്രകാശിപ്പിച്ചു.